പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സുകളിലെ കട മുറികൾ പിടിച്ചെടുത്തു പുനർ ലേലം നടത്തുവാൻ തീരുമാനിച്ച പഞ്ചായത്ത് നടപടി നിർത്തിവെക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായി സമിതി അംഗങ്ങൾ പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നൽകി ചർച്ച നടത്തി.
ലക്ഷങ്ങൾ ചിലവഴിച്ചു കച്ചവടം നടത്തുന്ന കച്ചവടക്കാരെ തകർക്കുന്ന നടപടി പഞ്ചായത്ത് നിർത്തിവെക്കണമെന്നും അല്ലാത്തപക്ഷം എല്ലാ വ്യാപാരികളെയും പങ്കെടുപ്പിച്ചുകൊണ്ട് വലിയ പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും പഞ്ചായത്ത് പ്രസിഡന്റുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം വ്യാപാരി സംരക്ഷണസംഘം പറഞ്ഞു. വ്യാപാരി സംഘടനാ നേതാക്കളായ ജോബി പറപ്പള്ളി, തോമസ് ശമുവേൽ, തിമത്തി പറപ്പുള്ളി, ബാബു കൊള്ളന്നൂർ, കൃഷ്ണൻകുട്ടി എന്നിവർ നിവേദന സംഘത്തിൽ ഉണ്ടായിരുന്നു.
പഞ്ചായത്തിൽ നിന്നും ലേലം വിളിച്ചെടുത്ത മുറികൾ അന്യായമായി അമിത മാസ വാടക ഈടാക്കിയും, വൻ തുക അഡ്വാൻസ് വാങ്ങിയും മറിച്ചു നൽകിയവർക്ക് എതിരെയാണ് പഞ്ചായത്ത് നടപടി എടുത്തതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ വ്യാപാരികളെ അറിയിച്ചു.


0 Comments