സീഡ് ഫാമിന്റെ പാണഞ്ചേരിയിലെ പാടശേഖരത്തിൽ അടുത്തവർഷം കൃഷിയിറക്കും


പട്ടിക്കാട്. ജില്ലാ പഞ്ചായത്തിന് കീഴിലുള്ള സ്‌റ്റേറ്റ് സീഡ് ഫാമിന്റെ പാണഞ്ചേരിയിലുള്ള പാടശേഖരത്തിൽ  നെൽകൃഷിയിറക്കാനുള്ള ഒരുക്കത്തിലാണെന്ന്  ജില്ലാ പഞ്ചായത്ത് മെമ്പർ കെ.വി സജു പറഞ്ഞു. ഇതിന് മുന്നോടിയായി വാർഡ് മെമ്പർ ആരിഫ റാഫി, കൃഷി അസിസ്റ്റന്റ് റാണി എന്നിവർക്കൊപ്പം ഇന്നലെ പാടശേഖരം സന്ദർശിക്കുകയായിരുന്നു അദ്ദേഹം. കൃഷി ആരംഭിക്കണമെങ്കിൽ പാടത്തേക്ക് വെള്ളം കയറുന്നത് തടയാൻ ചുറ്റിലും ബണ്ടും വെള്ളം ഒഴുകിപ്പോകുന്നതിന് കാനകളും നിർമ്മിക്കണമെന്ന് സംഘം വിലയിരുത്തി. അടുത്തവർഷത്തോടെ ഇവിടെ കൃഷി ആരംഭിക്കാനാണ് ജില്ലാ പഞ്ചായത്തും ഗ്രാമപഞ്ചായത്തും ആഗ്രഹിക്കുന്നതെന്ന് പഞ്ചായത്ത് അംഗം ആരിഫ റാഫി പറഞ്ഞു. 


പാണഞ്ചേരി പഞ്ചായത്തിലെ മുടിക്കോട്, പാണഞ്ചേരി എന്നീ വാർഡുകളിലായി സീഡ് ഫാമിന്റെ ഉടമസ്ഥതയിലുള്ള അഞ്ചര ഏക്കറോളം വരുന്ന പാടശേഖരത്തിൽ വർഷങ്ങളായി കൃഷി ചെയ്തിരുന്നില്ല. ദേശീയപാതയുടെ നിർമ്മാണത്തെ തുടർന്ന് ദേശീയപാതയോരത്തെ ചാലുകൾ അടച്ചതും വെള്ളക്കെട്ട് ഉണ്ടായതുമാണ് കൃഷിയിറക്കാഞ്ഞതിന് അധികൃതർ പറയുന്ന കാരണം. എന്നാൽ വെള്ളക്കെട്ട് ഇല്ലാത്ത ഭാഗത്ത് കൃഷിയിറക്കണമെന്നും വെള്ളക്കെട്ട് ഒഴിവാക്കാൻ അടിയന്തര നടപടികൾ എടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് കഴിഞ്ഞ നവംബറിൽ പഞ്ചായത്ത് പ്രസിഡന്റ് പി.പി.രവീന്ദ്രന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് മെമ്പറും വാർഡ് മെമ്പർമാരും ഉദ്യോഗസ്ഥരും ഉൾപ്പെടെ യോഗം ചേരുകയും സ്ഥലം സന്ദർശിക്കുകയും ചെയ്തു. നെൽകൃഷി ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചിരുന്നു.



Post a Comment

0 Comments