പീച്ചി. ഗവ എൽപി സ്‌കൂളിൽ നടന്ന പരിസ്ഥിതിദിനാഘോഷം വാർഡ് മെമ്പർ ബാബു തോമസ് വേപ്പിൻ തൈ നട്ട് ഉദ്ഘാടനം ചെയ്തു. ജൈവവൈവിധ്യ ഉദ്യാന പദ്ധതിയുടെയും രക്ഷിതാക്കളുടെ കാർഷിക ക്ലബിന്റെയും ഉദ്ഘാടനവും ചടങ്ങിൽ നിർവ്വഹിച്ചു. മരങ്ങളും ഫലവൃക്ഷങ്ങളും നട്ടുപിടിപ്പിച്ച് ഫലഭൂയിഷ്ടവും ഹരിതാഭവുമായ ഒരു ഭൂമിയെ വരും തലമുറയ്ക്ക് കൈമാറുക എന്നതാകണം നമ്മുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. പരിസ്ഥിതിയെ സംരക്ഷിച്ച് ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കാൻ ഓരോരുത്തരും മുന്നിട്ടിറങ്ങണമെന്നും ബാബു തോമസ് പറഞ്ഞു. പ്രധാനാധ്യാപിക കെ.ജെ. ടെസ്സി പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരണം നടത്തി. കുട്ടികൾ സ്‌കൂളിലേയ്ക്ക് കറിവേപ്പിൻ തൈകൾ നൽകുകയും, പ്ലാക്കാർഡുകളും പോസ്റ്ററുകളും പിടിച്ച് അസംബ്ലിയിൽ അണിനിരക്കുകയും ചെയ്തു. കുട്ടികളുടെ കവിതാ രചന, ചിത്രരചന എന്നിവയുടെ പ്രദർശനം നടത്തുകയും ക്വിസ് മത്സരം നടത്തി വിജയികളെ അനുമോദിക്കുകയും ചെയ്തു. അധ്യാപിക ബിന്ദു, സ്റ്റാഫ് സെക്രട്ടറി ജലജ, പിടിഎ പ്രസിഡന്റ് ലിമീഷ്, എംപിടിഎ പ്രസിഡന്റ് റൂബി, എസ്എംസി ചെയർമാൻ രാജേഷ് എന്നിവർ പങ്കെടുത്തു.


0 Comments