പട്ടിക്കാട്. ചുവന്നമണ്ണിൽ വെച്ച് കെഎസ്ആർടിസി ബസ്സിൽ കടത്തുകയായിരുന്ന 15 കിലോ കഞ്ചാവ് പിടികൂടി. കഞ്ചാവ് കടത്തുകയായിരുന്ന തൃശൂർ പൂവൻചിറ മലയൻ വീട്ടിൽ അജയ്, പശ്ചിമബംഗാൾ സ്വദേശി ബിശ്വാസ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂർ സിറ്റി പോലീസിന് കീഴിലെ ഡാൻസാഫ് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കഞ്ചാവ് കടത്തുന്നത് കണ്ടെത്തിയത്. അജയിന്റെ നേതൃത്വത്തിൽ ഒഡിഷയിൽ നിന്ന് കഞ്ചാവ് കൊണ്ടുവരാറുണ്ടെന്നും ഭാഷ അറിയാത്തതിനാൽ സഹായി എന്ന നിലയിലാണ് പശ്ചിമ ബംഗാൾ
സ്വദേശി ബിശ്വാസിനെ അജയ് കൂടെ കൂട്ടിയതെന്നും പോലീസ് പറഞ്ഞു.
പോലീസിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് ഡാൻസാഫ് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ ചുവന്ന മണ്ണിൽ വാഹന പരിശോധന നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് ഉച്ചയ്ക്ക് ഒരു മണിയോടെ പാലക്കാടുനിന്ന് തൃശൂർക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് കഞ്ചാവു ബണ്ടിലുകൾ നിറച്ച ബാഗുകൾ കണ്ടെടുത്തത്. തുടർന്ന് പീച്ചി എസ്എച്ച്ഒ ബിപിൻ ബി നായരുടെ നേതൃത്വത്തിൽ പീച്ചി പോലീസും സ്ഥലത്തെത്തി. മണ്ണുത്തി പോലീസ് സ്‌റ്റേഷൻ ഹൗസ് ഓഫീസർ സിഐ എസ് ഷുക്കൂറിന്റെ സാന്നിധ്യത്തിൽ മേൽ നടപടികൾ പൂർത്തിയാക്കി.



0 Comments