കരുവാൻകാട്. ലഹരിവസ്തുക്കളുടെ ഉപയോഗം യുവതലമുറയുടെ ലക്ഷ്യബോധത്തെ തകിടം മറിക്കുകയാണെന്ന് മൂവാറ്റുപുഴ രൂപതാധ്യക്ഷൻ ഡോ. യൂഹാനോൻ മാർ തെയഡോഷ്യസ് മെത്രാപ്പോലീത്ത പറഞ്ഞു. കരുവാൻകാട് വിമലഗിരി പബ്ലിക് സ്‌കൂളിലെ പുതിയ അധ്യയന വർഷ ഉദ്ഘാടനവും വിജയികൾക്കുള്ള ആദരണ ചടങ്ങും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിന്റെ വിപത്തുകളെക്കുറിച്ച് അവരെ ബോധ്യമുള്ളവരാക്കണമെന്നും ലഹരിക്കെതിരെയുള്ള പോരാട്ടം പൊതുസമൂഹത്തിന്റെ കടമയാണെന്നും മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു. പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു. മാടക്കത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സണ്ണി ചെന്നിക്കര, ഡിസ്ട്രിക്ട് വികാരി ഫാ. മാത്യു അറക്കൽ, സ്‌കൂൾ മാനേജർ ഫാ.കുരിയാക്കോസ് കറുത്തേടത്ത്, പ്രിൻസിപ്പൽ ബിന്ദു മോഹൻദാസ് എന്നിവർ സംസാരിച്ചു.


0 Comments