പട്ടിക്കാട്. വിദ്യാർഥികളിൽ ലഹരി വസ്തുക്കളുടെ ഉപയോഗം വ്യാപിക്കുന്നു എന്നതാണ് പുതിയ അധ്യയന വർഷാരംഭത്തിൽ നമ്മെ പിന്തുടരുന്ന വലിയ ആശങ്ക. ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികൾ മുറയ്ക്ക് നടക്കുന്നുണ്ടെങ്കിലും കഞ്ചാവും മറ്റ് രാസലഹരി വസ്തുക്കളും ഉൾപ്പെടെയുള്ളവയുടെ വ്യാപനത്തിന് ഫലപ്രദമായി തടയിടാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല എ ന്നാണ് സമീപകാലത്തായി പുറത്തുവരുന്ന വാർത്തകൾ വ്യക്തമാക്കുന്നത്.
പാണഞ്ചേരി പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളി ൽ കഞ്ചാവിന്റെയും മറ്റു ലഹരിവസ്തുക്കളുടെയും വിൽപ്പനയും ഉപയോഗവും നടക്കുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ഇത്തരം ചില്ലറ വിൽപ്പനക്കാർ അധികവും ലക്ഷ്യമിടുന്നത് കുട്ടികളെയാണ്. വൻ കഞ്ചാവ് വേട്ടകൾ ഇടയ്‌ക്കൊക്കെ നടക്കാറു ണ്ടെങ്കിലും ചില്ലറ വിൽപനക്കാർ പലപ്പോഴും പിടിക്കപ്പെടുന്നില്ല. അതുകൊണ്ടുതന്നെ കുട്ടികളെ വിൽപനയുടെ കണ്ണികളാക്കി മാറ്റുകയാണ് ഇക്കൂട്ടർ ചെയ്യുന്ന തന്ത്രം.
ലഹരിയുടെ ഉപയോഗം യുവാക്കളിൽ വ്യാപകമായതോടെ നാട്ടിൽ മോഷണവും ഗൂണ്ടായിസവും ഉൾപ്പെടെയുള്ള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളും വർധിച്ചു വരുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. ഇക്കാര്യത്തിൽ പോലീസിന്റെയും മറ്റ് ഉത്തരവാദപ്പെട്ട ഭരണാധികാരികളുടെയും ഭാഗത്തുനിന്ന് കർശനമായ നടപടികൾ ഉണ്ടാകുന്നില്ലെന്നുള്ള ആരോപണവും ജനങ്ങൾക്കുണ്ട്. ലഹരിവസ്തുക്കളുടെ ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് ഒട്ടും അറിവില്ലാത്തവരല്ല നമ്മുടെ കുട്ടികൾ. എങ്കിലും പലതരത്തിലുള്ള പ്രലോഭനങ്ങളുടെ പടുകുഴിയിൽ അവർ വീണു പോയേക്കാം. ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചതു കൊണ്ടുമാത്രം കാര്യമായില്ല. കഞ്ചാവ് മാഫിയക്കും വിൽപനക്കാർക്കും എതിരെ അധികൃതരുടെ ഭാഗത്തു നിന്ന് കടുത്ത നടപടികൾ ഉണ്ടാകണം.
സ്‌കൂളിൽ എത്തുന്ന കുട്ടികളുടെ പക്കൽ ലഹരിവസ്തുക്കൾ ഉണ്ടോ എന്ന് പരിശോധിക്കാനും കണ്ടെത്തിയാൽ അതിനെതിരെ നടപടിയെടുക്കാനും വേണ്ട സാഹചര്യങ്ങളും ഒരുക്കണം. എന്നാൽ കുട്ടികളുടെ സംരക്ഷണത്തിനു വേണ്ടിയുള്ള പല നിയമങ്ങളും ഈ ഘട്ടത്തിൽ തങ്ങളെ നിസ്സഹായരാക്കുന്നതായി ചില അധ്യാപകരും പിടിഎ അംഗങ്ങളുമൊക്കെ ചൂണ്ടിക്കാട്ടുന്നു.
പൊതുസമൂഹത്തിന്റെ സഹകരണത്തോടെ നാട്ടിൽ ലഹരിവസ്തുക്കളുടെ ഉപയോഗവും വിൽപനയും തടയാനുള്ള ശക്തമായ നടപടികൾ നിയമസംവിധാനങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകണം. കുട്ടികളിലേക്ക് ലഹരി വസ്തുക്കൾ എത്തിക്കുന്ന കണ്ണികളെ കണ്ടെത്തി അറുത്തുമാറ്റാൻ കഴിയണം. എങ്കിലേ ഭാവി തലമുറയെ വാർത്തെടുക്കേണ്ട നമ്മുടെ വിദ്യാലയങ്ങളെ ലഹരി വിമുക്തമാക്കാൻ നമുക്ക് കഴിയൂ.

0 Comments