ദേശീയപാതയോരത്തെ നീർച്ചാലുകൾ മലിനമാക്കി സാമൂഹ്യവിരുദ്ധർ അഴിഞ്ഞാടുന്നു


പട്ടിക്കാട്. പാണഞ്ചേരി പഞ്ചായത്തിലെ  നീർച്ചാലുകളെയും മറ്റ് ജലസ്രോതസ്സുകളെയും വിഷമയമാക്കാനുള്ള ആസൂത്രിത നീക്കം നടക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു. 
കഴിഞ്ഞ കുറച്ചു നാളുകളായി മുടിക്കോട് മുതൽ ചുവന്നമണ്ണ് വരെയുള്ള ദേശീയപാതയോരത്ത് കക്കൂസ് മാലിന്യങ്ങളും അറവുമാലിന്യങ്ങളും തള്ളുന്നത് വർധിച്ചിരിക്കുകയാണ്. മാരകമായ പകർച്ചവ്യാധി പരത്തുന്ന ഈ മാലിന്യങ്ങൾ നീർച്ചാലുകളിലും പാടശേഖരങ്ങളിലും കിണറുകളിലും കുളങ്ങളിലും എത്തുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് ഉണ്ടാക്കുക. 
ഇതിന്റെ ഗൗരവം ഇതുവരെയും അധികൃതർ ഉൾക്കൊണ്ടിട്ടില്ല എന്ന് വേണം മനസ്സിലാക്കാൻ. കാരണം, മാലിന്യം തള്ളുന്നത് പതിവായിട്ടും അത് തടയുന്നതിന് വേണ്ട മാർഗ്ഗങ്ങൾ സ്വീകരിച്ചതായോ കുറ്റക്കാർക്കെതിരെ എന്തെങ്കിലും 


നടപടികൾ എടുത്തതായോ വിവരങ്ങളില്ല. രാത്രികാലങ്ങളിൽ ദേശീയപാതയിൽ വെളിച്ചമില്ലാത്ത സ്ഥലങ്ങളിലാണ്  മാലിന്യങ്ങൾ തള്ളുന്നത്. ഇരുട്ടിന്റെ മറവിൽ ആരുടെയും ശ്രദ്ധയിൽപ്പെടാതെ മാലിന്യം തട്ടാൻ ഹൈവേ അതോറിറ്റിയുടെ ഈ അനാസ്ഥ സാമൂഹ്യവിരുദ്ധർക്ക്  ഒരു സൗകര്യമായി മാറുകയാണ്. 

ദേശീയപാതയിലുടനീളം തെരുവു വിളക്കുകൾ സ്ഥാപിക്കേണ്ടത് കരാറിന്റെ ഭാഗമാണ്. ഇക്കാര്യത്തിൽ ഹൈവേ അതോറിറ്റിയും കരാർ കമ്പനിയും നിയമവ്യവസ്ഥകളെ അട്ടിമറിക്കുകയാണ് എന്ന് നാട്ടുകാർ ആരോപിക്കുന്നു. ഹൈവേയിൽ മേൽപ്പാലങ്ങളിൽ ഒഴികെ ഒരിടത്തും സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിച്ചിട്ടില്ല. ഇതോടൊപ്പം ക്യാമറകളും സ്ഥാപിച്ചാൽ മാലിന്യം കൊണ്ടിടുന്നവരെ കണ്ടെത്താനും കഴിയും. 

ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ മാത്രമല്ല മാലിന്യങ്ങൾ തള്ളുന്നതു പോലെയുള്ള  കുറ്റകൃത്യങ്ങൾ കണ്ടെത്താനും ക്യാമറകൾ ഉപയോഗിക്കണം. മഴക്കാലം ആരംഭിച്ചതോടെ നീർച്ചാലുകളിലൂടെയും വെള്ളത്തിലൂടെയും പാടശേഖരത്തിലെ വെള്ളത്തിലും കലരുന്ന മാലിന്യങ്ങൾ ജനങ്ങളുടെ കുടിവെള്ള സ്രോതസ്സുകളിലും എത്തുകയാണ്.  
തോട്ടിലൂടെ ഒഴുകുന്ന മാലിന്യങ്ങൾ മണലിപ്പുഴയിലേക്കാണ് ചെന്ന് എത്തുന്നത്. ഈ വിഷയത്തിൽ കുറ്റക്കാരെ കണ്ടെത്തി കർശന നടപടിയെടുക്കാൻ തദ്ദേശഭരണ സ്ഥാപനങ്ങളും, പോലീസും, ആരോഗ്യവകുപ്പും മറ്റ് സർക്കാർ സംവിധാനങ്ങളും തയ്യാറായെങ്കിൽ മാത്രമേ ഈ ഗുരുതരമായ പ്രശ്‌നത്തിന് പരിഹാരം കാണാൻ കഴിയൂ.



Post a Comment

0 Comments