പാണഞ്ചേരി കൃഷിഭവനിൽ ജൈവ കീടനാശിനികളുടെ വിതരണം ആരംഭിച്ചു


പട്ടിക്കാട്. ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പാണഞ്ചേരി കൃഷിഭവൻ വിള ആരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ജൈവ കീടനാശിനികളുടേയും വളർച്ചക്ക് ആവശ്യമായ ഉൽപ്പന്നങ്ങളുടെയും വിതരണം ആരംഭിച്ചു. പരിപാടിയുടെ ഉദ്ഘാടനം പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ നിർവഹിച്ചു. കൃഷിയിടത്തിലുണ്ടാകുന്ന കീട രോഗബാധകളെ നിയന്ത്രിക്കുന്നതിനുള്ള വേപ്പെണ്ണ മിശ്രിതം, പുകയിലക്കഷായ കിറ്റ് എന്നിവയും ബൊറാക്‌സ്, കാത്സ്യം അടങ്ങിയ വളങ്ങൾ, സൂക്ഷ്മമൂലകകൂട്ടുകൾ, വളർച്ചക്ക് ആവശ്യമായ ഉൽപ്പന്നങ്ങൾ മുതലായവയും കൃഷിഭവൻ അഗ്രോ ക്ലിനിക് മുഖേന കർഷകർക്ക് ലഭ്യമാകും. ഇവയ്ക്ക് പുറമേ ജൈവ കീടകുമിൾനാശിനികളായ സ്യൂഡോമോണാസ്, ട്രൈക്കോഡെർമ, ബ്യുവേറിയ, ലെക്കാനിസീലിയം എന്നിവയുടെ അടുക്കളത്തോട്ടത്തിൽ ഉപയോഗിക്കാവുന്ന തരത്തിലുള്ള ചെറിയ പാക്കറ്റുകൾ ഉൾപ്പടെ വിതരണം അഗ്രോ ക്ലിനിക്ക് മുഖേനേ നിലവിൽ വിതരണം നടത്തി വരുന്നുണ്ട്. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ, വികസനകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ഇ.ടി. ജലജൻ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, കർഷകർ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.



Post a Comment

0 Comments