പീച്ചി. വാഴാനി വന്യജീവി സങ്കേതത്തിലെ വാണിയംപാറ ഫോറസ്റ്റ് സ്‌റ്റേഷൻ പരിധിയിലെ കൊമ്പഴ ഭാഗത്തെ പീച്ചിഡാം റിസർവോയറിൽ നിന്നും നാല് ആമകളെ വേട്ടയാടി പിടികൂടിയ കേസിൽ റിമാന്റിലായ പ്രതികളുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. എളനാട് തിരുമണി സ്വദേശികളായ വി.എ. പുരുഷോത്തമൻ (53), ബൈജു (42), മോഹൻ (47), സജീഷ് കുമാർ (47) എന്നിവരാണ് റിമാന്റിലായ പ്രതികൾ. 2023 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ആമകളെ വേട്ടയാടിയതിന് ശേഷം ഒളിവിൽ പോയ പ്രതികൾ ചൊവ്വാഴ്ചയാണ് വൈൽഡ് ലൈഫ് വാർഡൻ പി.എം പ്രഭു മുമ്പാകെ കീഴടങ്ങിയത്. ഇവരെ പിന്നീട് അറസ്റ്റ് ചെയ്ത് തൃശൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി റിമാന്റ് ചെയ്യുകയായിരുന്നു. മറ്റ് പ്രതികൾക്കായുള്ള അന്വേഷണം വാണിയമ്പാറ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.എസ് ഗീരീഷിന്റെ നേതൃത്വത്തിൽ നടന്നു വരുന്നുണ്ട്. വന്യജീവി സംരക്ഷണ നിയമ പ്രകാരം ആമകളെ പിടികൂടുന്നത് ഗൗരവകരമായ കുറ്റമാണെന്ന് കോടതി അറിയിച്ചു.