പട്ടിക്കാട്. അങ്കണവാടി കെട്ടിടത്തിന്റെ അപകടാവസ്ഥയിലായ മതിലിന് സമീപത്തു നിന്ന് മാറി താമസിക്കണമെന്ന് പാണഞ്ചേരി പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നൽകിയതോടെ ഇതിനോട് ചേർന്ന് താമസിക്കുന്ന മൂന്ന് കുടുംബങ്ങൾ പ്രതിസന്ധിയിലായി. ചിറക്കുന്ന് വാർഡിലെ 57-ാം നമ്പർ കരിപ്പക്കുന്ന് അങ്കണവാടിയുടെ ആറടിയോളം ഉയരത്തിലുള്ള കൽക്കെട്ടും അതിനുമുകളിൽ നാലടിയോളം ഉയരത്തിലുള്ള മതിലും എപ്പോൾ വേണമെങ്കിലും തകർന്നു വീഴാവുന്ന നിലയിലാണ്.
65 അടിയോളം നീളത്തിലുള്ള കൽക്കെട്ടും മതിലും മിക്കയിടത്തും വിണ്ടു കീറി ഇടിഞ്ഞുവീഴാം. കൽക്കെട്ടിന്റെ അടിഭാഗം പുറത്തേക്ക് തള്ളിക്കൊണ്ടിരിക്കുകയാണ്. മഴ പെയ്താൽ ഈ ഭാഗം മുഴുവനായും ഇടിഞ്ഞ് താഴേക്ക് പോരും. കെട്ടിടത്തിന്റെ ഒരു ഭാഗവും തകരും. മതിലിനോട് ചേർന്ന് താഴെ മൂന്ന് വീടുകളുണ്ട്. മതിലിടിഞ്ഞാൽ ഈ വീടുകൾക്കും തകർച്ചയുണ്ടാകും. അതുകൊണ്ട് അവിടെനിന്ന് മാറിതാമസിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറി ഈ കുടുംബങ്ങൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. എന്നാൽ സ്വയം വീട് വാടകയ്‌ക്കെടുത്ത് മാറി താമസിക്കാനുള്ള സാമ്പത്തികശേഷി കുടുംബങ്ങൾക്ക് ഇല്ല. മാത്രമല്ല, മതിലിന്റെ നിർമ്മാണം എന്ന് പൂർത്തിയാകുമെന്നോ തങ്ങളുടെ വീടുകൾക്ക് എന്തെങ്കിലും കേടുപാടുകൾ ഉണ്ടാകുമോ എന്നൊക്കെയുള്ള ആശങ്കകളും ഇവരെ അലട്ടുന്നു. അതുകൊണ്ട് വാർഡ് മെമ്പർ ഇടപെട്ട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഈ കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
കൽക്കെട്ടും മതിലും തകർച്ച നേരിടാൻ തുടങ്ങിയിട്ട് നാലു വർഷമായി. കൂടുതൽ ദുർഘടാവസ്ഥയിൽ ആയപ്പോൾ അങ്കണവാടി പ്രവർത്തിക്കുന്നത് അപകടകരമായിരിക്കും എന്ന് മനസ്സിലാക്കി കെട്ടിടത്തിന്റെ ഫിറ്റ്‌നസ് റദ്ദാക്കുകയും അങ്കണവാടി നിർത്തിവയ്ക്കാൻ പഞ്ചായത്ത് നിർദ്ദേശിക്കുകയും ചെയ്തു. ഈ മഴക്കാലത്തിന് മുമ്പായി മതിലിന്റെ പുനർനിർ മ്മാണം പൂർത്തിയാക്കാൻ അടിയന്തര നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകനായ ബ്ലസൻ വർഗീസ് പഞ്ചായത്തിൽ പരാതി നൽകിയിരുന്നു.
മതിൽ പുനർനിർമ്മിക്കാനായി 8 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്ന് വാർഡ് മെമ്പർ ഷൈലജ വിജയകുമാർ പറഞ്ഞു. ടെണ്ടർ നടപടികൾ ആയിട്ടുണ്ടെന്നും മാറി താമസിക്കേണ്ടി വരുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ പഞ്ചായത്തുമായി വേണ്ട കാര്യങ്ങൾ ആലോചിക്കുമെന്നും മെമ്പർ പറഞ്ഞു. ഇമ്മട്ടിപ്പറമ്പിലെ ഒരു വീട്ടിൽ അങ്കണവാടി പ്രവർത്തിപ്പിക്കുന്നതിനുള്ള താൽക്കാലിക സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് അങ്കണവാടി ടീച്ചർ കെ.ഡി രജനിയും അറിയിച്ചു.


0 Comments