മുന്നറിയിപ്പ് സംവിധാനങ്ങൾ ഒരുക്കാതെ അറ്റകുറ്റപ്പണികൾ; വഴുക്കുംപാറയിൽ പിക്കപ്പ് വാൻ അപകടത്തിൽപ്പെട്ടു

പട്ടിക്കാട്. ദേശീയപാതയിൽ വഴക്കുംപാറ മേൽപ്പാതയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നിടത്ത് പിക്കപ്പ് വാൻ അപകടത്തിൽപ്പെട്ടു. ഡ്രൈവർ കർണാടക സ്വദേശി സഞ്ജയ് (22) പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ രണ്ടേമുക്കാലിനാണ് തൃശ്ശൂർ ഭാഗത്തേക്കുള്ള പാതയിൽ അപകടം ഉണ്ടായത്. കർണാടകയിൽ നിന്നും തൃശ്ശൂരിലേക്ക് പഴവർഗ്ഗങ്ങൾ കയറ്റിവന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. വഴുക്കുംപാറ മേൽപ്പാതയിൽ വിള്ളൽ സംഭവിച്ച സ്ഥലത്ത് നിലവിൽ അറ്റകുറ്റപ്പണികൾ നടന്നുകൊണ്ടിരിക്കുകയാണ്. പ്രധാന പാതയിൽ ടേക്ക് ഡൈവേർഷൻ ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും പകൽ മാത്രമേ ഇത് ഡ്രൈവർമാരുടെ ശ്രദ്ധയിൽ പെടുകയുള്ളൂ. വാഹനം അടുത്തെത്തിയതിനുശേഷം ആണ് ഡൈവേർഷൻ ബോർഡ് ശ്രദ്ധയിൽ പെട്ടതെന്ന് ഡ്രൈവർ പറഞ്ഞു. ഇതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം റോഡിലേക്ക് മറിയുകയായിരുന്നു. രാത്രി സമയങ്ങളിൽ പ്രദേശത്തെ വെളിച്ചകുറവും അപകട സൂചന ലൈറ്റുകൾ സ്ഥാപിക്കാത്തതും അപകടത്തിന് കാരണമായിട്ടുണ്ട്.

പീച്ചി പോലീസും ഹൈവേ പോലീസും. നാഷണൽ ഹൈവേ അതോറിറ്റിയുടെ റിക്കവറി വിങ്ങും. ഫയർഫോഴ്സും സ്ഥലത്ത് എത്തിയിരുന്നു. വാഹനത്തിൽ നിന്നും റോഡിലേക്ക് ഒഴുകിയ ഓയിലും ഡീസലും ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ വൃത്തിയാക്കി.



Post a Comment

0 Comments