പട്ടിക്കാട്. പീച്ചി റോഡ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രിയിൽ വച്ച് യുവതിയെ ആക്രമിച്ച കേസിലെ പ്രതിയെ പീച്ചി സ്‌റ്റേഷൻ ഹൗസ് ഓഫീസർ ബിപിൻ ബി നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി. എടപ്പലം വെളുത്തൂക്കാരൻ വീട്ടിൽ നിശാന്ത് (30) നെയാണ് പോലീസ് പിടികൂടിയത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. പീച്ചി സ്വദേശിയായ യുവാവിനെ നിശാന്തിന്റെ സുഹൃത്തുക്കൾ ചേർന്ന് മർദിച്ചിരുന്നു. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ യുവാവിനെ ആശുപത്രിയിൽ കയറി നിശാന്ത് ആക്രമിക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച യുവാവിന്റെ ഭാര്യയെ ഇയാൾ കഴുത്തിൽ കയറി പിടിക്കുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്യുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. സംഭവശേഷം ഒളിവിൽ കഴിഞ്ഞ പ്രതിയെ കുറിച്ച് ഒല്ലൂർ എസിപി പി.എസ്. സുരേഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പീച്ചി സ്‌റ്റേഷൻ ഹൗസ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം തൃശൂരിൽ വച്ച് പ്രതിയെ പിടികൂടിയായിരുന്നു.
പോലീസിനെ ആക്രമിച്ച കേസിലും വധശ്രമ കേസിലും, നിരവധി അടിപിടി കേസിലും അടക്കം മണ്ണുത്തി, പീച്ചി, ഒല്ലൂർ സ്‌റ്റേഷനുകളിലായി ഒൻപത് കേസുകൾ നിശാന്തിന്റെ പേരിൽ ഉണ്ട്. സ്‌റ്റേഷൻ റൗഡി ലിസ്റ്റിൽ പെട്ടിട്ടുള്ള ആളുമാണ്. എസ്‌ഐ അജികുമാർ, സിപിഒ മാരായ റഷീദ്, അഭിജിത്ത്, മഹേഷ്, വനിത പോലീസ് ഉദ്യോഗസ്ഥരായ ശിൽപ്പ, ആശ, ഹോം ഗാർഡ് ഫിലിപ്പ് കുട്ടി എന്നിവരും ഇയാളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.


0 Comments