ഗ്രാമീണ റോഡുകൾ തകർച്ചയിൽ: പഞ്ചായത്ത് ഇടപെടണം


പട്ടിക്കാട്. മഴക്കാലം തുടങ്ങിയതോടെ പാണഞ്ചേരി പഞ്ചായത്തിലെ മിക്ക ഗ്രാമീണ റോഡുകളുടെയും തകർച്ച രൂക്ഷമായി. ചെളിയും വെള്ളക്കെട്ടും മൂലം കാൽനടക്കാർക്കും വാഹനങ്ങൾക്കും അപകട ഭയം കൂടാതെ സഞ്ചരിക്കാൻ കഴിയാതായി എന്നാണ് നാട്ടുകാരുടെ പരാതി. ചുവന്നമണ്ണ് പൂവൻചിറ റോഡ്, ഒരപ്പൻപാറ റോഡ്, ആൽപ്പാറ കമ്പനിപ്പടി റോഡ്, മലമുക്ക് കൊല്ലൻ മുക്ക് റോഡ്, കണ്ണാറ ഉദയപുരം കോളനി റോഡ്, ചെമ്പൂത്ര, പാണഞ്ചേരി തുടങ്ങി പല വാർഡുകളിലേയും റോഡുകളുടെ അവസ്ഥ ദയനീയമാണ്. വെള്ളക്കെട്ടാണ് റോഡുകളുടെ തകർച്ചയ്ക്ക് പ്രധാന കാരണം. മഴ തുടങ്ങുന്നതിന് മുമ്പേ റോഡരികിലെ മൺ തിട്ടകൾ നീക്കി കാനകൾ വൃത്തിയാക്കുന്ന പതിവുണ്ടായിരുന്നു. അത് പലയിടത്തും 


നടന്നിട്ടില്ല. വർഷങ്ങളായി അറ്റകുറ്റപ്പണികൾ നടത്താത്തതും വിനയായി. റോഡുകളുടെ പണികൾ ഏറ്റെടുക്കാൻ കരാറുകാർ തയ്യാറാകാത്തതാണ് റോഡുവികസനത്തിന് ഒരു പ്രധാന തടസ്സമെന്ന് വാർഡ് മെമ്പർമാർ പറയുന്നു. പ്രളയ ഫണ്ടുപയോഗിച്ചുള്ള പ്രവർത്തികൾ ഏറ്റെടുക്കുന്നതിൽ കരാറുകാർക്ക് വിമുഖതയുണ്ട്. നിർമ്മാണം പൂർത്തീകരിച്ച് വർഷങ്ങൾ കഴിഞ്ഞാലും ബില്ല് പാസായി കിട്ടാത്തതാണ് അതിന് കാരണമെന്ന് കരാറുകാർ ചൂണ്ടിക്കാട്ടുന്നു. നാടിന്റെ അടിസ്ഥാന സൗകര്യങ്ങളിൽ പെട്ട റോഡുകളുടെ വികസനത്തിലും പരിപാലനത്തിലും അനാസ്ഥയുണ്ടാകുന്നത് ശരിയല്ല. മഴ ഇതുവരെയും കൂടുതൽ ശക്തിപ്പെടാത്തത് റോഡുകളുടെ കാര്യത്തിൽ അനുഗ്രഹമായെന്നു കരുതാം. ഏത് ഫണ്ട് വിനിയോഗിചിട്ടായാലും റോഡുകൾ  സഞ്ചാരയോഗ്യമാക്കാൻ അടിയന്തരമായി പഞ്ചായത്ത് ഭരണ സമിതി ഇടപെടണം. നിർമ്മാണത്തിലെ അപാകതകളും അഴിമതിയും റോഡുകളുടെ തകർച്ചക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നുണ്ട്. നിർമ്മാണം പൂർത്തീകരിച്ച് അധികം വൈകാതെന്നെ ടാറിങ് ഉൾപ്പെടെ തകർന്ന് ചെളിക്കുളമാകുന്നതിന് കാരണം നിർമ്മാണത്തിന്റെ ഗുണനിലവാരമില്ലായ്മയാണ്. വർഷം തോറും ഭീമമായ തുക അറ്റകുറ്റപ്പണികൾക്കായി മുടക്കേണ്ടി വരുന്നതും ഇതുകൊണ്ടാണ്. മെക്കാടം ടാറിങ് പോലെയുള്ള ആധുനിക റോഡ് നിർമ്മാണ രീതികൾ ഗ്രാമീണ മേഖലകളിൽ കൂടി നടപ്പാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.



Post a Comment

0 Comments