കാട്ടുപന്നിയെ വേട്ടയാടിയ കേസ്; ഒന്നാം പ്രതിയുടെ ജാമ്യത്തിനെതിരെ അന്വേഷണ ഉദ്യോഗസ്ഥൻ ഹർജി നൽകി


പട്ടിക്കാട്.
മാന്ദാമംഗലം ഫോറസ്റ്റ് ഡിവിഷനിൽ കാട്ടുപന്നിയെ വേട്ടയാടി ഇറച്ചി വിൽപ്പന നടത്തിയ കേസിലെ ഒന്നാം പ്രതി സന്തോഷിന് ജാമ്യം അനുവദിച്ചതിനെതിരെ അന്വേഷണ ഉദ്യോഗസ്ഥൻ തൃശൂർ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ അപ്പീൽ ഹർജി നൽകി. തൃശൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് സന്തോഷിന്  ജാമ്യം അനുവദിച്ചത്.  ഇതിനിടെ രണ്ടാം പ്രതി വി.പി ബൈജുവിന്റെ മുൻകൂർ ജാമ്യ ഹർജി തൃശൂർ പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയിരുന്നു. ബൈജു കേസിലെ പ്രധാനിയാണെന്നും ഒന്നാം പ്രതി സന്തോഷിന് കാട്ടുപന്നിയുടെ ഇറച്ചി വിൽപ്പന നടത്തിയത് ഇയാൾ ആണെന്നുമുള്ള വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. ഇയാളുടെ ജാമ്യഹർജി നിരസിക്കുന്നതിനായി കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ സി.ഒ. സെബാസ്റ്റ്യൻ കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. 

പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പി.പി. ജോൺസൺ ഹാജരായി. ഒന്നാം പ്രതിക്ക് ജാമ്യം അനുവദിച്ചതിനെതിരെ തൃശൂർ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകിയ അപ്പീൽ ഹർജി കോടതി ഫയലിൽ സ്വീകരിച്ച് നടപടികളാരംഭിച്ചുവെന്നും അപ്പീൽ ഹർജിക്കായി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ കെ.ബി. സുനിൽകുമാർ കോടതിയിൽ ഹാജരാകുമെന്നും പട്ടിക്കാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ സി.ഒ. സെബാസ്റ്റ്യൻ അറിയിച്ചു.



Post a Comment

0 Comments