പീച്ചി. പ്രവർത്തനം നിലച്ച് ഉപേക്ഷിക്കപ്പെട്ട നിലയിലായതോടെ പീച്ചി ജലനിധി പദ്ധതിയുടെ മയിലാട്ടുംപാറയിലെ പ്ലാന്റും അതിന്റെ പരിസരങ്ങളും കൊടും കാടായി മാറി. പാണഞ്ചേരി പഞ്ചായത്തിലെ ആയിരക്കണക്കിന് കുടുംബങ്ങൾ കുടിവെള്ളത്തിന് ആശ്രയിച്ചിരുന്ന ഈ പദ്ധതി ഇപ്പോൾ സ്വയം മരണത്തിന് വിധിക്കപ്പെട്ടിരിക്കുകയാണ്.
2021 ഡിസംബർ 31 നാണ് പീച്ചി ജലനിധിയിൽ നിന്നുള്ള ജലവിതരണം പൂർണ്ണമായും നിലച്ചത്. ജലനിധി പ്ലാന്റിന് സമീപം മണലിപ്പുഴയിൽ നിർമ്മിക്കുന്ന പാലത്തിന്റെ പണികൾക്കിടെ ജലനിധിയുടെ പമ്പിംഗ് ലൈൻ തകർന്നു പോയി. ലൈൻ പുനസ്ഥാപിക്കാനുള്ള താൽക്കാലിക ശ്രമങ്ങളൊന്നും ഫലം കണ്ടില്ല. ഉടനെ തകരാർ പരിഹരിച്ചു നൽകുമെന്നുളള അധികൃതരുടെ ഉറപ്പും പാലിക്കപ്പെട്ടില്ല. ഒരു വർഷത്തിനിപ്പുറം പാലത്തിന്റെ പണികൾ മിക്കവാറും പൂർത്തിയായി. പാലത്തിലൂടെ പമ്പിംഗ് ലൈൻ
പുനസ്ഥാപിച്ചെങ്കിലും ജലനിധിയുടെ പ്ലാന്റ് ഉപയോഗശൂന്യവും പ്രവർത്തനരഹിതവുമായി. ജലവിതരണം പുനരാരംഭിക്കണമെങ്കിൽ പുതിയ പ്ലാന്റ് സ്ഥാപിക്കേണ്ടിവരും. ജലനിധിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് നിരവധി പ്രശ്‌നങ്ങളും പരിഹരിക്കേണ്ടതുണ്ട്. ഇതിനിടെ വാണിയമ്പാറ, കൊമ്പഴ, മഞ്ഞവാരി എന്നിവിടങ്ങളിൽ ടാങ്കുകൾ നിർമ്മിക്കുന്നതിന് ജലനിധിയുടെ കീഴിൽ ഉണ്ടായിരുന്ന ഭൂമിയുമായി ബന്ധപ്പെട്ട് പഞ്ചായത്തും ജലനിധിയും തമ്മിൽ തർക്കങ്ങളും ഉയർന്നുവന്നിരുന്നു. ചില സ്ഥലങ്ങളിൽ ടാങ്കിന്റെ നിർമ്മാണം തുടങ്ങുകയും ചെയ്തിരുന്നു.
2022 ഡിസംബർ 27 ന് പഞ്ചായത്തിന്റെ നേതൃത്വത്തിൽ 13 ഗുണഭോക്തൃ സമിതികളുടെ പ്രതിനിധികൾ പങ്കെടുത്ത യോഗത്തിൽ വെച്ച് പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തിട്ടുണ്ടെങ്കിലും ഫലത്തിൽ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല. ജല ജീവൻ മിഷൻ പോലുള്ള ബദൽ സംവിധാനങ്ങൾ വികസിച്ചതോടെ ജലനിധിക്കു വേണ്ടിയുള്ള മുറവിളികളും രാഷ്ട്രീയ പ്രതിഷേധങ്ങളും മിക്കവാറും അവസാനിച്ച മട്ടാണ്. ഒടുവിൽ കോടികൾ ചെലവിട്ട് നിർമ്മിച്ച ഒരു കുടിവെള്ള പദ്ധതി കൂടി അധികൃതരുടെ അനാസ്ഥ കൊണ്ട് തകരുകയാണ്. ഇപ്പോഴും നിരവധി കുടുംബങ്ങൾ കുടിവെള്ളത്തിനായി ജലനിധിയെ പ്രതീക്ഷിച്ച് കഴിയുന്നവരുണ്ട്. അതുകൊണ്ട് ബന്ധപ്പെട്ട ഭരണാധികാരികളോ, ഉദ്യോഗസ്ഥരോ ജലനിധി പദ്ധതി പുനരുജ്ജീവിപ്പിക്കാൻ വേണ്ട നടപടികൾ എടുക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.



0 Comments