പട്ടിക്കാട്. വഴുക്കുംപാറ മേൽപ്പാലത്തിൽ റോഡിൽ വിള്ളൽ ഉണ്ടായ ഭാഗം സിമൻറ് ഉപയോഗിച്ച് അടയ്ക്കുകയും പ്ലാസ്റ്റിക് ഷീറ്റിട്ട് മൂടുകയും ചെയ്തു. മഴ വെള്ളം ഇറങ്ങി റോഡ് ഇടിയാതിരിക്കാൻ 50 മീറ്ററോളം നീളത്തിലാണ് ഷീറ്റിട്ട് മൂടിയത്. മഴ ആരംഭിച്ചതോടെ മേൽപ്പാതയിൽ കോൺക്രീറ്റ് ഭിത്തി നിർമ്മിക്കാത്ത ഭാഗത്തും നേരത്തെ ഷീറ്റിട്ടിരുന്നു. അപകടസാധ്യത മുന്നിൽക്കണ്ട് പ്രദേശത്ത് പീച്ചി പോലീസിന്റെ നേതൃത്വത്തിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തി. തൃശൂർ ഭാഗത്തേക്കുള്ള മൂന്നുവരി പാതയിൽ 100 മീറ്ററോളം ദൂരത്തിൽ ഒറ്റവരിയിലാണ് ഇപ്പോൾ വാഹനങ്ങൾ കടത്തി വിടുന്നത്. 30 അടിയോളം താഴെയുള്ള സർവീസ് റോഡിലൂടെ ആരും യാത്ര ചെയ്യരുതെന്ന നിർദേശവും ഉണ്ട്. വ്യാഴാഴ്ച രാവിലെയാണ് റോഡിലെ വലിയ വിള്ളൽ സമീപവാസികളുടെ ശ്രദ്ധയിൽ പെട്ടത്. ഉടനെ ബന്ധപ്പെട്ടവരെ വിവരം അറിയിക്കുകയും ചെയ്തു. വൈകീട്ടോടെ റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ, എം.പി. ടി.എൻ പ്രതാപൻ, ജില്ലാ കളക്ടർ വി.ആർ. കൃഷ്ണതേജ, സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകൻ തുടങ്ങിയവർ സ്ഥലത്തെത്തിയിരുന്നു.
മറ്റൊരു അതോറിറ്റിയെ കൊണ്ട് സമാന്തരമായി സുരക്ഷാ കാര്യങ്ങൾ പരിശോധിച്ചു റിപ്പോർട്ട് നൽകുമെന്നും, പ്രദേശത്ത് റീടെയ്‌നിംഗ് വാൾ നിർമ്മിക്കാൻ നിർദ്ദേശം നൽകുമെന്നും സംഘം വ്യക്തമാക്കി. അതേസമയം അശാസ്ത്രീയമായ നിർമാണമാണ് നിലവിലെ അവസ്ഥയ്ക്ക് കാരണമെന്ന് ജനങ്ങൾ പ്രതികരിച്ചു. സുരക്ഷിതമായ യാത്ര ഉറപ്പുവരുത്താൻ വേണ്ട നടപടികൾ എത്രയും വേഗം സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.


0 Comments