പട്ടിക്കാട്. കുതിരാൻ തുരങ്കത്തിന് സമീപം വഴുക്കുംപാറയിൽ സർവ്വീസ് റോഡ് അനുവദിക്കില്ലെന്ന് ദേശീയപാത അധികൃതർ പറഞ്ഞു. കഴിഞ്ഞദിവസം കലക്ടറേറ്റിൽ മന്ത്രി കെ.രാജന്റെയും എംപി ടി.എൻ പ്രതാപന്റെയും സാന്നിധ്യത്തിൽ നടന്ന ചർച്ചയിലാണ് ദേശീയപാത അതോറിറ്റി പ്രൊജക്റ്റ് ഡയറക്ടർ ബിപിൻ മധു ഇക്കാര്യം വെളിപ്പെടുത്തിയത്. വഴുക്കുംപാറയിൽ സർവ്വീസ് റോഡ് നിർമ്മിക്കാൻ നിയമപരമായി യാതൊരുവിധ സാധ്യതയും ഇല്ലെന്നാണ് അദ്ദേഹം അറിയിച്ചത്.
കുതിരാൻ തുരങ്കമുഖത്ത് നിന്നും തൃശൂർ ഭാഗത്തേക്കുള്ള പ്രധാന റോഡിൽ നിന്നാണ് വഴുക്കുംപാറ സെന്ററിലേയ്ക്ക് സർവ്വീസ് റോഡ് നിർമ്മിക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടിരുന്നത്. ഇതിനായി വനംവകുപ്പിൽ നിന്നും ഭൂമി വിട്ടു നൽകുകയും തുടർന്ന് പ്രദേശത്തുനിന്ന് മണ്ണെടുത്തു മാറ്റി പാറ പൊട്ടിക്കുകയും ചെയ്തിരുന്നു. ഇതിനുശേഷം ചെയ്ഞ്ച് ഓഫ് സ്‌കോപ്പിൽ ഉൾപ്പെടുത്തി റോഡ് നിർമ്മിച്ചു നൽകാമെന്നും ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ ജനങ്ങൾക്കും ജനപ്രതിനിധികൾക്കും ഉറപ്പുനൽകി. പ്രദേശത്ത് താൽക്കാലികമായി മൺപാത നിർമ്മിക്കുകയും ചെയ്തു. എന്നാൽ തുരങ്ക മുഖത്തുനിന്നും 500 മീറ്റർ അകലെ വരെ റോഡിലേക്ക് യാതൊരു തരത്തിലുള്ള മറ്റു പ്രവേശനങ്ങൾ പാടില്ലെന്ന നിയമമുണ്ടെന്നും, കുതിരാൻ തുരങ്കം കഴിഞ്ഞ് 470 മീറ്ററിലാണ് നിർദിഷ്ട സർവീസ് റോഡിന്റെ പ്രവേശനഭാഗമെന്നും അധികൃതർ അറിയിച്ചു. മേൽപ്പാതയിൽ വിള്ളൽ ഉണ്ടായതോടെ അപകടസാധ്യത മുന്നിൽ കണ്ട് ഇതുവഴിയുള്ള ഗതാഗതം താൽക്കാലികമായി നിർത്തിവെച്ചിട്ടുമുണ്ട്.


0 Comments