പട്ടിക്കാട്. ദേശീയപാതയിൽ വഴുക്കുംപാറ മേൽപ്പാതയിൽ വിള്ളൽ ഉണ്ടായ ഭാഗം ഇടിഞ്ഞ് താഴ്ന്നു. മൂന്ന് അടിയോളം ആഴത്തിലാണ് റോഡ് താഴ്ന്നത്. റോഡിന്റെ സംരക്ഷണ ഭിത്തിക്കും വലിയ വിള്ളൽ വീണിട്ടുണ്ട്. മഴ ശക്തമാകുന്നതോടെ ഏതു സമയവും പ്രധാന റോഡ് ഇടിഞ്ഞ് താഴേക്ക് പതിക്കാവുന്ന അവസ്ഥയാണ് നിലവിൽ ഉള്ളത്. പ്രദേശത്ത് വൻ അപകട സാധ്യതയുള്ളതായി നാട്ടുകാർ പറഞ്ഞു. പീച്ചി പോലീസ് സ്‌റ്റേഷൻ ഹൗസ് ഓഫീസർ ബിപിൻ ബി. നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. തൃശൂർ ഭാഗത്തേക്കുള്ള ഗതാഗതം പൂർണമായും നിർത്തിവെക്കുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതോടെ പാലക്കാട് ഭാഗത്തേക്കുള്ള പാതയിലൂടെ ഇരുഭാഗത്തേക്കുമുള്ള വാഹനങ്ങൾ കടത്തി വിടേണ്ടിവരും.
സുരക്ഷ മുൻനിർത്തി മേൽപ്പാതയ്ക്ക് താഴെ പ്രവർത്തിക്കുന്ന വർക്ക്‌ഷോപ്പ്, വായനശാല, അങ്കണവാടി, ഹെൽത്ത് സെന്റർ എന്നിവ താൽക്കാലികമായി അടച്ചു പൂട്ടുന്നതിനുള്ള കത്ത് എസ്എച്ച്ഒ ബിപിൻ ബി. നായർ ബന്ധപ്പെട്ടവർക്ക് കൈമാറി. കഴിഞ്ഞ വ്യാഴാഴ്ചയാണ് മേൽപ്പാതയിൽ വലിയ വിള്ളൽ ഉണ്ടായത്. നിലവിൽ ഒറ്റവരി ആയാണ് ഇതുവഴി വാഹനങ്ങൾ കടത്തി വിടുന്നത്. നിർമ്മാണ കമ്പനി പിആർഒ അജിത് പ്രസാദ്, പീച്ചി പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സ്ഥലത്തെത്തിയിരുന്നു.


0 Comments