മാലിന്യം വലിച്ചെറിയുന്നവരെക്കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം നൽകാൻ ഉത്തരവ്


പട്ടിക്കാട്. പൊതു ഇടങ്ങളിലും ജലാശയങ്ങളിലും സ്വകാര്യ സ്ഥലങ്ങളിലും മാലിന്യം വലിച്ചെറിയുന്നവരെക്കുറിച്ച് വിവരം നൽകുന്നവർക്ക് പഞ്ചായത്തുകളോ മുനിസിപ്പാലിറ്റികളോ കോർപ്പറേഷനുകളോ ഉൾപ്പെടെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പാരിതോഷികം നൽകണമെന്ന സർക്കാർ ഉത്തരവ് പുറത്തിറങ്ങി. ഗുരുതരമായ ഈ നിയമലംഘനം ശ്രദ്ധയിൽപെട്ടാൽ  മാലിന്യം തള്ളുന്ന വ്യക്തിയെയോ വാഹനത്തെയോ  തിരിച്ചറിയാൻ കഴിയുന്ന ഫോട്ടോ, വീഡിയോ തുടങ്ങിയ തെളിവ് സഹിതം തദ്ദേശസ്ഥാപന സെക്രട്ടറിയെ വിവരമറിയിക്കാം. ഇതിനായി  തദ്ദേശഭരണ സ്ഥാപനങ്ങൾ  വാട്ട്‌സ്ആപ്പ് നമ്പർ, ഇ മെയിൽ ഐ ഡി എന്നിവ പൊതുജനങ്ങൾക്കായി പ്രസിദ്ധപ്പെടുത്തണം. കുറ്റകൃത്യം റിപ്പോർട്ട് ചെയ്യുന്ന വ്യക്തിയുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുകയും വേണം. വിവരം ലഭിച്ചാലുടൻ സ്ഥാപന സെക്രട്ടറിയുടെ നേതൃത്വത്തിൽ പരിശോധന നടത്തി നടപടിയെടുക്കണം. നിയമലംഘകരിൽ നിന്ന് ഈടാക്കുന്ന പിഴയുടെ 25 ശതമാനമോ അല്ലെങ്കിൽ പരമാവധി 2500 രൂപയോ വിവരം നൽകിയ വ്യക്തിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യണം. മാലിന്യങ്ങൾ വലിച്ചെറിയുന്ന കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പാരിതോഷികത്തെക്കുറിച്ചും വ്യാപകമായ ബോധവൽക്കരണം നടത്തണമെന്നും ജൂൺ 9 ന് തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ നൽകിയ  ഉത്തരവിലുണ്ട്.

പാണഞ്ചേരി പഞ്ചായത്തിൽ മാലിന്യം വലിച്ചെറിയുന്നവരെ കുറിച്ച് വിവരം നൽകാൻ കഴിയുന്ന വാട്‌സ്ആപ്പ് നമ്പർ, ഇ മെയിൽ ഐഡി എന്നിവ അടിയന്തരമായി പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് അംഗം എം.ജെ അനീഷ് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയിട്ടുണ്ട്.



Post a Comment

0 Comments