വിലങ്ങന്നൂർ. കെഎഫ്ആർഐ ക്യാമ്പസിന് സമീപത്തെ പീച്ചി ഡാം റോഡരികിലെ മറിഞ്ഞുവീഴാറായ 44 മരങ്ങളും മുറിച്ചു നീക്കാൻ അടിയന്തര നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് വാർഡ് മെമ്പർ ഷൈജു കുര്യൻ ജില്ലാ കളക്ടർക്ക് പരാതി നൽകി. മലയോര ഹൈവേയുടെ കാന നിർമ്മാണത്തിന്റെ ഭാഗമായി വിലങ്ങന്നൂർ മുതൽ കണ്ണാറ വരെയുള്ള ഭാഗത്ത് റോഡിനോട് ചേർന്ന് ഇരുവശത്തുമുള്ള മരങ്ങളുടെ മണ്ണും വേരും നീക്കം ചെയ്തതിരുന്നു. ഇതേ തുടർന്ന് ഈ മരങ്ങൾ ഏത് സമയവും റോഡിലേക്ക് കടപുഴകി വീഴാവുന്ന നിലയിലാണ്. പണികൾ തുടങ്ങി മാസങ്ങൾ കഴിഞ്ഞിട്ടും അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചു നീക്കുകയോ കാനനിർമ്മാണം പൂർത്തീകരിക്കുകയോ ചെയ്തിട്ടില്ല.
എപ്പോൾ വേണമെങ്കിലും റോഡിലേക്ക് മരം മറിഞ്ഞുവീണ് വഴിയാത്രക്കാർ അപകടത്തിൽ പെടാൻ സാധ്യതയുള്ളതിനാൽ മരങ്ങൾ മുറിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ട് വനം വകുപ്പ് മന്ത്രിക്ക് മെമ്പർ നേരത്തെ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ പരിശോധന നടത്തി വാലുവേഷൻ നടപടികളും പൂർത്തിയാക്കി മരങ്ങൾ മുറിച്ചു നീക്കാൻ കിഫ്ബി ഉദ്യോഗസ്ഥർക്ക് അനുമതിയും നൽകി. കഴിഞ്ഞ മെയ് 11ന് അനുമതി ലഭിച്ചിട്ടും മരങ്ങൾ മുറിച്ചു നീക്കാൻ ഉദ്യോഗസ്ഥർ തയ്യാറായില്ല. വിദ്യാർത്ഥികളടക്കം നൂറു കണക്കിനാളകൾ സഞ്ചരിക്കുന്ന, ഗതാഗത തിരക്കേറിയ ഈ റോഡിൽ മരങ്ങൾ മറിഞ്ഞുവീണു വൈദ്യുതി ലൈനുകൾ തകരുന്നതും ഗതാഗത തടസ്സം ഉണ്ടാകുന്നതും പതിവായിരിക്കുകയാണ്. പൊതുപ്രവർത്തകരും, നാട്ടുകാരും ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഫയർഫോഴ്‌സ് അപകട മുന്നറിയിപ്പുകൾ നൽകിയിട്ടും അധികൃതർ അനാസ്ഥ തുടരുകയാണെന്നും വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കും കരാറുകാർക്കുമെതിരെ നടപടി വേണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.


0 Comments