കെഎഫ്ആർഐ ക്ക് സമീപം മരം കടപുഴകി വീണു; ഒരാഴ്ചക്കുള്ളിൽ വീണത് രണ്ട് മരങ്ങൾ

പട്ടിക്കാട്. പീച്ചി ഡാം റോഡിൽ കെഎഫ്ആർഐ ക്ക് സമീപം മരം കടപുഴകി വീണു. ഇന്ന് രാവിലെ  അഞ്ചേകാലോടെ ആണ്  വൻമരം റോഡിനു കുറുകെ കടപുഴകി വീണത്. റോഡിലൂടെ വാഹനങ്ങൾ അധികം കടന്നുപോകാത്ത സമയം ആയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. തൃശ്ശൂരിൽ നിന്നും അഗ്നി രക്ഷാ സേന സ്ഥലത്തെത്തി മരം മുറിച്ചുമാറ്റി. ഏഴരയോടെ റോഡിലെ ഗതാഗതം പുനസ്ഥാപിച്ചു. 

മലയോര ഹൈവേ നിർമ്മാണവുമായി ബന്ധപ്പെട്ട് കാന നിർമിക്കുന്നതിനായി പീച്ചി കെഎഫ് ആർ ഐ ഭാഗത്ത് മരങ്ങളുടെ കടഭാഗത്തുനിന്നും മണ്ണെടുത്തു മാറ്റിയതിനെ തുടർന്നാണ് രണ്ട് മരങ്ങളും വീണിട്ടുള്ളത്. 

പ്രദേശത്തെ അപകടാവസ്ഥ ചൂണ്ടിക്കാട്ടി പഞ്ചായത്ത് അംഗങ്ങളായ ബാബു തോമസ്, ഷൈജു കുര്യൻ എന്നിവരുടെ നേതൃത്വത്തിൽ മന്ത്രി കെ രാജൻ, ജില്ലാ കളക്ടർ തുടങ്ങിയവർക്ക് നിരവധി പരാതികൾ നൽകിയിരുന്നു. 44 ഓളം മരങ്ങളാണ് ഈ മേഖലയിൽ അപകടകരമായ നിലയിൽ നിൽക്കുന്നത്. പഞ്ചായത്ത് അംഗം ഷൈജു കുര്യൻ നൽകിയ പരാതിയിന്മേൽ മെയ് 11നകം മരങ്ങൾ മുറിച്ചു നീക്കാൻ വനം വകുപ്പ് കിഫ്ബിയ്ക്ക് അനുവാദം നൽകിയിരുന്നു. എന്നാൽ ഇതൊന്നും ചെവി കൊള്ളാതെയാണ് കരാർ കമ്പനി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്.  വിനോദ സഞ്ചാരികൾ അടക്കം നിരവധി പേർ സഞ്ചരിക്കുന്ന പ്രധാന പാതയായ പീച്ചി ഡാം റോഡിലൂടെയുള്ള യാത്ര സുരക്ഷിതമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. 

ഫയർഫോഴ്സ് സീനിയർ ഫയർ റെസ്ക്യൂ ഓഫീസർ സുരേഷ് കുമാർ, ഫയർ റെസ്ക്യൂ ഓഫീസർമാരായ ശിവദാസൻ, സജീഷ്, ശ്രീഹരി, പ്രമോദ്, ഡ്രൈവർ ജിബിൻ, ഹോം ഗാർഡ് രാജൻ എന്നിവരാണ് രക്ഷാ സംഘത്തിൽ ഉണ്ടായിരുന്നത്. പീച്ചി പോലീസ് എസ്ഐ അജികുമാർ, സിപിഒ റഷീദ് എന്നിവരും സ്ഥലത്തെത്തിയിരുന്നു.



Post a Comment

0 Comments