പട്ടിക്കാട്. പീച്ചി ഡാം റോഡിൽ ആൽപ്പാറ സെന്ററിൽ സ്‌കൂട്ടർ അപകടത്തിൽപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് കണ്ണാറ ഭാഗത്തേക്ക് പോവുകയായിരുന്ന സ്‌കൂട്ടർ റോഡിലെ കുഴിയിൽ വീണ് മറിഞ്ഞത്. സ്‌കൂട്ടർ യാത്രികന് സാരമായി പരിക്കേറ്റു. ഇതോടെ പ്രതിഷേധവുമായി രംഗത്തെത്തിയ സമീപവാസികൾ റോഡിലെ കുഴിയിൽ വാഴ നടുകയായിരുന്നു.
മലയോര ഹൈവേ നിർമ്മാണത്തിന്റെ ഭാഗമായി പീച്ചി ഡാം റോഡിൽ ടാറിങ് ആരംഭിച്ചെങ്കിലും പലയിടങ്ങളിലും പൂർത്തിയാക്കിയിട്ടില്ല. ആൽപ്പാറ സെൻററിലും ഇതുപോലെ റോഡിന്റെ ഒരു ഭാഗം ടാറിങ് നടത്തിയിട്ടില്ല. മഴ ആരംഭിച്ചതോടെ ഇവിടെ വെള്ളക്കെട്ട് രൂക്ഷമാകുകയും റോഡിൽ കുഴി രൂപപ്പെടുകയും ആയിരുന്നു. അപകട സാധ്യത മുന്നിൽക്കണ്ട് ബന്ധപ്പെട്ടവരെ വിവരം അറിയിച്ചെങ്കിലും വേണ്ട നടപടി ഉണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു. മലയോര ഹൈവേ നിർമ്മാണം അശാസ്ത്രീയമായാണ് നടപ്പിലാക്കുന്നതെന്നും ജനങ്ങളുടെ ജീവന് സുരക്ഷ ഉറപ്പുവരുത്താതെയാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതെന്നും അവർ ആരോപിച്ചു.


0 Comments