പട്ടിക്കാട്. തമ്പുരാട്ടിപ്പടി സർവീസ് റോഡ് നിർമ്മാണം ഇനിയും നീളും എന്ന സൂചനയാണ് ദേശീയപാത അധികൃതർ ഇപ്പോൾ നൽകുന്നത്. തൃശൂർ ഭാഗത്തേക്കുള്ള പാതയോട് ചേർന്ന് 300 മീറ്റർ നീളത്തിലാണ് സർവീസ് റോഡ് നിർമ്മാണം പൂർത്തിയാക്കാനുള്ളത്. സർവീസ് റോഡിനായി വനഭൂമി ഏറ്റു വാങ്ങുകയും ഈ ഭൂമിയിൽ നിന്നും മരങ്ങൾ മുറിച്ചുമാറ്റി, പാറ പൊട്ടിച്ച് നീക്കുകയും ചെയ്തിരുന്നു. എന്നിട്ടും സർവീസ് റോഡ് നിർമ്മിക്കാൻ അധികൃതർ തയ്യാറായില്ല.
എന്നാൽ സർവീസ് റോഡ് ഇല്ലാതെ ദുരിതമനുഭവിക്കുന്ന പ്രദേശവാസികളുടെ നേതൃത്വത്തിൽ രൂപീകരിച്ചിട്ടുള്ള ജനകീയ സമരസമിതി പ്രവർത്തകർ കരാർ കമ്പനിയുമായി സംസാരിച്ചപ്പോൾ സർവീസ് റോഡ് നിർമ്മാണത്തിനായി ചെയ്ഞ്ച് ഓഫ് സ്‌കോപ്പിൽ ഉൾപ്പെടുത്തിയിരിക്കുകയാണെന്നും അനുമതി ലഭിച്ചാൽ ഉടൻ നിർമ്മാണം തുടങ്ങുമെന്നായിരുന്നു കമ്പനി അധികൃതർ അറിയിച്ചിരുന്നത്. തുടർന്ന് സമരസമിതിയുടെ നേതൃത്വത്തിൽ പ്രദേശത്ത് താൽക്കാലികമായി ചെറിയ റോഡ് നിർമ്മിക്കുകയും ചെയ്തു. എന്നാൽ നാളിതുവരെയായി പ്രദേശത്തെ സർവീസ് റോഡ് ചെയ്ഞ്ച് ഓഫ് സ്‌കോപ്പിൽ ഉൾപ്പെടുത്താൻ കരാർ കമ്പനിയോ ദേശീയപാത അതോറിറ്റിയോ തയ്യാറായിട്ടില്ല എന്നതാണ് ഇപ്പോൾ വ്യക്തമായിരിക്കുന്നത്. ഇതോടെ സർവ്വീസ് റോഡ് ഉടൻ നിർമ്മിക്കുമെന്ന പ്രതീക്ഷയ്ക്ക് തിരിച്ചടിയായിരിക്കുകയാണ്.


0 Comments