പട്ടിക്കാട്. കുതിരാൻ തുരങ്കത്തിന് സമീപം വില്ലൻ വളവിൽ പിക്കപ്പ് വാൻ അപകടത്തിൽപ്പെട്ടു. ഇന്ന് രാവിലെ പാലക്കാട് ഭാഗത്തേക്കുള്ള പാതയിലാണ് അപകടം ഉണ്ടായത്. അപകടത്തിൽ ആർക്കും പരിക്കില്ല.
തുരങ്കം കഴിഞ്ഞ് മൂന്നുവരിയിൽ തുടരുന്ന പാത പാലം കഴിയുന്നതോടെ രണ്ട് വരിയായി ചുരുങ്ങുകയാണ്. മാത്രമല്ല വേണ്ടത്ര അപകടമുന്നറിയിപ്പ് സംവിധാനങ്ങളും ഇവിടെയില്ല. റോഡിന്റെ വശങ്ങളിൽ പ്ലാസ്റ്റിക് ബാരിയറുകൾ സ്ഥാപിച്ചിരുന്നെങ്കിലും പലതും താഴെയുള്ള സർവ്വീസ് റോഡിൽ വീണ് കിടക്കുകയാണ്. അപ്രതീക്ഷിതമായി റോഡിന്റെ വീതി കുറയുന്നത് പലപ്പോഴും ഡ്രൈവർമാർക്ക് ആശയക്കുഴപ്പം ഉണ്ടാക്കുകയും അപകടങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്യുന്നുണ്ട്. റോഡിന് വടക്കുഭാഗത്ത് സർവ്വീസ് റോഡിന്റെ നിർമ്മാണം പൂർത്തിയാക്കാത്തതാണ് പ്രദേശത്ത് മൂന്നുവരി പാത നിർമ്മിക്കാൻ തടസ്സമായി കരാർ കമ്പനി പറഞ്ഞിരുന്നത്. എന്നാൽ സർവ്വീസ് റോഡ് നിർമ്മാണം ഇതുവരെ ആരംഭിച്ചിട്ടില്ല. മാസങ്ങൾ കടന്നുപോയിട്ടും നിരവധി വാഹനങ്ങൾ അപകടത്തിൽ പെട്ടിട്ടും വേണ്ട നടപടി എടുക്കാൻ അധികൃതർ തയ്യാറാകുന്നുമില്ല.


0 Comments