കണ്ണാറ. ജനകീയ പ്രതിഷേധം ശക്തമായതോടെ പീച്ചി ഡാം റോഡരികിൽ കെഎഫ്ആർഐ ക്യാമ്പസിന് സമീപത്തെ അപകടാവസ്ഥയിലായ 44 മരങ്ങളും അടിയന്തരമായി മുറിച്ചു നീക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു. മലയോര ഹൈവേയുടെ നിർമ്മാണത്തിന്റെ ഭാഗമായി റോഡരികിലെ നിരവധി മരങ്ങളുടെ വേരുകളും മണ്ണും നീക്കം ചെയ്തിരുന്നു. ഒറ്റ മഴയ്ക്ക് തന്നെ മരങ്ങൾ റോഡിലേക്ക് കടപുഴകി വീണ് ജീവനും സ്വത്തും നഷ്ടപ്പെടാവുന്ന നിലയിലായിരുന്നിട്ടും അവ മുറിച്ചു നീക്കാൻ അധികൃതർ തയ്യാറായില്ല. ഇതേ തുടർന്ന് ജനപ്രതിനിധികളുടെയും കർഷക സംഘടനയുടെയും നേതൃത്വത്തിൽ മരങ്ങൾ മുറിച്ചു നീക്കാൻ അടിയന്തര നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വനം വകുപ്പ് മന്ത്രിക്ക് പരാതി നൽകി. മുറിച്ചു നീക്കേണ്ട 44 മരങ്ങളുടെ വാല്യുവേഷൻ നടപടികൾ പൂർത്തിയാക്കി ട്രീ കമ്മിറ്റിയുടെ
തീരുമാനപ്രകാരം മരം മുറിക്കാൻ റോഡ് നിർമ്മാണത്തിന്റെ ചുമതലയുള്ള കിഫ്ബി ഉദ്യോഗസ്ഥർക്ക് ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ അനുമതി നൽകുകയും ചെയ്തു. എന്നിട്ടും മഴക്കാലത്തിനു മുമ്പേ മരങ്ങൾ മുറിച്ചു നീക്കിയില്ല. മഴ തുടങ്ങിയതോടെ ദിനംപ്രതി എന്നോണം മരങ്ങൾ റോഡിലേക്ക് മറിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെടുകയും വൈദ്യുതി ലൈനുകൾ തകരുകയും ചെയ്തു. ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടണം എന്ന് ആവശ്യപ്പെട്ട് വാർഡ് മെമ്പറുടെ നേതൃത്വത്തിൽ ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു. ഇന്ന് കാലത്ത് ഒമ്പതരയോടെ ഒരപ്പൻ പാറയിൽ റോഡിലേക്ക് മറിഞ്ഞുവീണ മരം മുറിച്ചു നീക്കാൻ എത്തിയ ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥരെ പ്രതിഷേധവുമായി എത്തിയ നാട്ടുകാർ തടഞ്ഞു. അപകടാവസ്ഥയിലായ മുഴുവൻ മരങ്ങളും മുറിച്ചു നീക്കാമെന്ന് ഉറപ്പു നൽകാതെ വീണുകിടക്കുന്ന മരം മുറിക്കാൻ അനുവദിക്കില്ലെന്ന് വാർഡ് മെമ്പർമാരായ ബാബു തോമസ്, ഷൈജു കുര്യൻ എന്നിവരുടെ നേതൃത്വത്തിൽ ജനങ്ങൾ കടുത്ത നിലപാട് എടുത്തതോടെയാണ് കലക്ടർ ദുരന്തനിവാരണ നിയമപ്രകാരം മരങ്ങൾ മുറിച്ചു നീക്കാൻ ഉത്തരവിറക്കിയത്.



0 Comments