തൃശൂർ. കുറ്റകൃത്യങ്ങൾക്കും അധികാര ദുർവിനിയോഗത്തിനും അവകാശ നിഷേധത്തിനും ഇരകളാകുന്നവർക്കായി നിയമസഹായവും കൗൺസിലിങും ഉൾപ്പെടെ നൽകുന്ന വിശ്വാസ് ഇന്ത്യ (വിക്ടിംസ് ഇൻഫർമേഷൻ, സെൻസിറ്റൈസേഷൻ, വെൽഫെയർ ആൻഡ് അസിസ്റ്റൻസ് സൊസൈറ്റി) എന്ന സംഘടനയുടെ തൃശൂർ ജില്ലാ ചാപ്റ്റർ രൂപീകരിച്ചു. ജില്ലാ കളക്ടർ വി ആർ കൃഷ്ണതേജയുടെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ് രൂപീകരണം. യഥാർത്ഥ ഇരകൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും വിശ്വാസിന് നൽകാൻ കഴിയണമെന്ന് ജില്ലാ കലക്ടർ പറഞ്ഞു. നിയമസഹായവും കൗൺസലിങും ആവശ്യമായ മാർഗനിർദേശങ്ങളും വേഗത്തിൽ നൽകാൻ വിശ്വാസിന് കഴിയുമെന്ന് കലക്ടർ പറഞ്ഞു. വിശ്വാസ് ഇന്ത്യയുടെ സെക്രട്ടറി ജനറലും പ്രോസിക്യൂഷൻ ഡെപ്യൂട്ടി ഡയറക്ടറുമായ പി പ്രേംനാഥ് വിശ്വാസ് ഇന്ത്യയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.
ജില്ലാ കളക്ടർ ആണ് സംഘടനയുടെ പ്രസിഡന്റ്. വൈസ് പ്രസിഡന്റുമാരായി അഡ്വ. പയസ് മാത്യു, പേർളി ജോസ്, സെക്രട്ടറിയായി സ്മിത സതീഷ് എന്നിവരെ തെരഞ്ഞെടുത്തു. അഡ്വ. പ്രവീണ എ.പി ജോയിന്റ് സെക്രട്ടറിയും പി എൻ പ്രേംകുമാർ ട്രഷററുമാണ്. അഡ്വ. ജേക്കബ് ഒ റാഫേൽ, അനിത ബാബുരാജ്, എ ആർ ശശികുമാർ, ടൈനി ഫ്രാൻസിസ്, പി ദിലീപ്, മീര പി എന്നിവരാണ് മാനേജിങ് കമ്മിറ്റി അംഗങ്ങൾ. വിശ്വാസിന്റെ സംസ്ഥാനത്തെ മൂന്നാമത്തെ ചാപ്റ്ററാണ് തൃശൂർ ജില്ലയിൽ രൂപികരിച്ചത്. ആദ്യ ചാപ്റ്റർ 2012ൽ പാലക്കാടും രണ്ടാമത്തെ ചാപ്റ്റർ എറണാകുളത്തും ആരംഭിച്ചു.


0 Comments