പട്ടിക്കാട് ഗവ എൽപി സ്‌കൂളിന് ജില്ലാ കളക്ടറുടെ ഓണസമ്മാനം


പട്ടിക്കാട്. തങ്ങൾക്കുള്ള ഓണസമ്മാനവുമായി ജില്ലാ കലക്ടർ വി.ആർ കൃഷ്ണ തേജ നേരിട്ടെത്തിയപ്പോൾ പട്ടിക്കാട് ഗവ. എൽപി സ്‌കൂളിലെ കുട്ടികൾക്ക് വലിയ സന്തോഷം. മുറ്റത്ത് പൂക്കളമിട്ട് കാത്തിരുന്ന കുരുന്നു വിദ്യാർഥികൾക്കിടയിലേക്ക് വലിയ സമ്മാനവുമായി എത്തിയ കലക്ടറെ അവർ പൂക്കൾ നൽകി സ്വീകരിച്ചു. സ്‌കൂളിൽ സ്മാർട്ട് ക്ലാസ്സ്‌റൂം ഒരുക്കുന്നതിനായി 62 ഇഞ്ച് വലിപ്പമുള്ള ഇന്ററാക്ടീവ് ഫഌറ്റ് പാനലുമായാണ് ജില്ലാ കലക്ടർ സ്‌കൂളിലെത്തിയത്. കലക്ടറുടെ ഓണസമ്മാനം സ്‌കൂൾ അധ്യാപകരും കുട്ടികളും ചേർന്ന് ഏറ്റുവാങ്ങി. കുട്ടികൾക്ക് പഠനം കൂടുതൽ എളുപ്പവും ആസ്വാദ്യകരവുമാക്കാൻ മികച്ച സാങ്കേതികവിദ്യയിൽ തയ്യാറാക്കിയ ഈ സ്മാർട്ട് സംവിധാനം ഉപകരിക്കുമെന്ന് ജില്ലാ കലക്ടർ പറഞ്ഞു. ഓൺലൈൻ ക്ലാസ്സുകൾക്കും ക്ലാസ്സുകളുടെ ലൈവ് സ്ട്രീമിംഗിനുമുള്ള സൗകര്യങ്ങൾ അടങ്ങിയതാണ് സ്മാർട്ട് ഇന്ററാക്ടീവ് പാനൽ. വിവിധ മേഖലയിലെ വിദഗ്ധരുമായി വിദ്യാർഥികൾക്ക് ഓൺലൈനായി ആശയ വിനിമയം നടത്താനും ഇതുപകരിക്കും. ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഇതിൽ ഉള്ളടക്കങ്ങൾ സൂം ചെയ്ത് കാണാനും വൈറ്റ് ബോർഡായി ഉപയോഗിക്കാനും സാധിക്കും.

ഓണം അവധി കഴിഞ്ഞ് സ്‌കൂൾ വീണ്ടും തുറക്കുമ്പോഴേക്ക് സ്മാർട്ട് ക്ലാസ്സ്‌റൂം പ്രവർത്തന സജ്ജമാക്കുമെന്ന് സ്‌കൂൾ പ്രധാനാധ്യാപിക പി.എസ് ഷിനി പറഞ്ഞു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം രമ്യ രാജേഷ്, പിടിഎ പ്രസിഡന്റ് പി.പി സരുൺ, ഡിഡിഇ ഓഫീസ് അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് പി.പി ജോഷി, അധ്യാപകർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.




Post a Comment

0 Comments