പീച്ചി. പായ്ക്കണ്ടത്ത് താമസിക്കുന്ന ചെറുപറമ്പിൽ വീട്ടിൽ തിലകനും കുടുംബവുമാണ് വീടിനു പുറകുവശത്തെ സ്വകാര്യ വ്യക്തിയുടെ കൈവശ ഭൂമിയിൽ നിൽക്കുന്ന വൻ മരത്തെ ഭയന്ന് ഓരോ ദിവസവും തള്ളിനീക്കുന്നത്. തട്ടുകളായി തിരിച്ചുള്ള കുന്നിൻ പ്രദേശത്തെ ഇവരുടെ വീടിന്റെ മുകൾതട്ടിലുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് ഏതു നിമിഷവും കടപുഴകി വീഴാവുന്ന രീതിയിൽ വൻമരം നിൽക്കുന്നത്. മരം കടപുഴകി വീണാൽ വീട് പൂർണ്ണമായും തകരുകയും ചെയ്യും.
പലതവണ മരം മുറിക്കാൻ ആവശ്യപ്പെട്ടിട്ടും ഉടമ ചെവി കൊണ്ടില്ല എന്നും ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ നൽകിയിട്ടുള്ളതായും തിലകൻ പറഞ്ഞു. ഫോറസ്റ്റ് ഡിഎഫ്ഒ ഓഫീസിലും, പട്ടിക്കാട് റെയിഞ്ച് ഓഫീസിലും, മാന്ദമംഗലം ഫോറസ്റ്റ് സ്‌റ്റേഷനിലും 2018 മുതൽ നിരവധിതവണ പരാതിയുമായി കയറിയിറങ്ങിയെങ്കിലും നാളിതുവരെയായി ഒരു നടപടിയും കൈകൊണ്ടില്ല എന്നും തിലകൻ കുറ്റപ്പെടുത്തി. കുന്നിൻ മുകളിൽ നിന്നും മഴവെള്ളം കുത്തിയൊലിച്ച് വരുന്നതിനാൽ മരത്തിന്റെ കടഭാഗത്തുനിന്നും മണ്ണൊലിച്ചു പോവുകയും മരം കൂടുതൽ അപകടാവസ്ഥയിലാവുകയും ചെയ്തു.
തിലകനും വാർദ്ധക്യസഹജമായ അസുഖത്തിൽ കഴിയുന്ന അച്ഛനും അമ്മയും രണ്ടു കുട്ടികളും ഭാര്യയും അടങ്ങുന്ന കുടുംബമാണ് ഈ വീട്ടിൽ കഴിയുന്നത്. ജീവന് ഭീഷണിയായി നിൽക്കുന്ന മരം മുറിച്ചുമാറ്റി നൽകണമെന്ന് കുടുംബം ആവശ്യപ്പെട്ടു.


0 Comments