കോരംകുളം ക്ഷേത്രത്തിലെ മോഷണം: പ്രതിയെ പോലീസ് പിടികൂടി


തെക്കുംപാടം. കോരംകുളം ശ്രീ മഹാവിഷ്ണു ധർമ്മശാസ്താ ക്ഷേത്രത്തിലെ ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് പണം മോഷ്ടിച്ചയാളെ പീച്ചി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ബിപിൻ ബി നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി. ആയോട് സ്വദേശി വെളുത്തേടത്ത് പറമ്പിൽ വിപിൻ (46) ആണ് പോലീസിന്റെ പിടിയിലായത്. വടക്കുഞ്ചേരിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഇന്ന് വൈകിട്ട് ആറുമണിയോടെ ഇയാളെ ക്ഷേത്രത്തിൽ എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി.

കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് മോഷണം നടന്നത്. പ്രധാന വാതിലിന്റെ ഓടാമ്പലും കുറ്റിയും തകർത്ത് അകത്തു കയറിയ മോഷ്ടാവ് ക്ഷേത്രത്തിനകത്തെ രണ്ട് പ്രധാന ഭണ്ഡാരങ്ങളും കുത്തിത്തുറന്ന് പണം കവർന്നിരുന്നു. ശ്രീകോവിലിന്റെ കതകും കുത്തി തുറന്നിരുന്നു. സ്‌റ്റോർ റൂമിന്റെ താഴും തകർത്ത നിലയിൽ ആയിരുന്നു.

വെള്ളിയാഴ്ച പുലർച്ചെ അഞ്ചു മണിയോടെ ക്ഷേത്രത്തിലെത്തിയ കാര്യസ്ഥൻ സതീഷ്‌കുമാർ മേൽവീട്ടിലാണ് മോഷണം നടന്ന കാര്യം ആദ്യം അറിയുന്നത്. ഉടൻ തന്നെ ക്ഷേത്രം ഭരണ സമിതി സെക്രട്ടറിയെ വിവരമറിയിച്ചു. സെക്രട്ടറി പീതാംബരൻ പീച്ചി പോലീസിൽ വിവരമറിച്ചതിനെ തുടർന്ന് സ്‌റ്റേഷൻ ഹൗസ് ഓഫീസർ സിഐ വി.വി വിമൽ, പ്രിൻസിപ്പൽ എസ്‌ഐ ബിപിൻ ബി നായർ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ധർ എന്നിവരും സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് പോലീസ് പ്രതിയെ പിടികൂടിയത്.




Post a Comment

0 Comments