പീച്ചി. തൃശൂർ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജില്ലയിലെ മുഴുവൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) നടപ്പിലാക്കുന്ന സംയോജിത പദ്ധതിയായ തൃശൂർ ഹെൽത്ത് ലൈൻ റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു.
18 വയസിന് മുകളിലുള്ള എല്ലാവരിലും ജീവിത ശൈലീ രോഗങ്ങൾ നേരത്തേ കണ്ടെത്തുകയും ആവശ്യമായ ചികിത്സ ഉറപ്പുവരുത്തുകയും അതുവഴി യുവതലമുറയുടെ ആരോഗ്യം ഉറപ്പു വരുത്തുകയും ചെയ്യുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇതിനായി തൃശൂർ ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയും എല്ലാ വാർഡുകളിലും മുൻകൂട്ടി നിശ്ചയിച്ച പ്രദേശത്ത് എല്ലാ മാസവും ഒരു നിശ്ചിത ദിവസം നിശ്ചിത സമയത്ത് ജീവിത ശൈലീ രോഗ നിർണ്ണയ നിയന്ത്രണ ചികിത്സ ക്ലിനിക്കുകൾ നടത്തപ്പെടും. ഇതിനായി ഉപകരണങ്ങൾ, മരുന്നുകൾ , സാധന സാമഗ്രികൾ തുടങ്ങിയവ പ്രസ്തുത ക്ലിനിക്കുകളിൽ എത്തിക്കും. ക്ലിനിക്കിന്റെ നടത്തിപ്പു ചുമതല ജെഎച്ച്ഐ, ജെപിഎച്ച്എൻ, എഎസ്എച്ച്എ, എംഎൽഎസ്പി എന്നിവർക്കാണ്.
പീച്ചി ദർശന ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ. ഡേവിസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി.പി ശ്രീദേവി, തൃശ്ശൂർ ഹെൽത്ത് ലൈൻ നോഡൽ ഓഫീസറും ഡെപ്യൂട്ടി ഡിഎംഒയും ആയ എൻ.എ. ഷീജ, ആരോഗ്യ കേരളം ജില്ല പ്രോഗ്രാം മാനേജർ ഡോ. പി സജീവ് കുമാർ, വെള്ളാനിക്കര സാമൂഹ്യ ആരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. കെ എസ് ജയന്തി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ആർ. രവി, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സാവിത്രി സദാനന്ദൻ, ജില്ലാ പഞ്ചായത്ത് മെമ്പർ കെ.വി. സജു, പി.ആർ സുരേഷ് ബാബു, കെ.വി. അനിത, കെ.കെ രമേശ്, ഷൈജു കുര്യൻ, രേഷ്മ സജീഷ്, പി.കെ രാജു, സോണിയ ജോണി പി തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.


0 Comments