പട്ടിക്കാട്. ഇന്ത്യയെ മത രാഷ്ട്രമാക്കരുത് എന്ന മുദ്രാവാക്യം ഉയർത്തി ഡിവൈഎഫ്ഐ മണ്ണുത്തി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പട്ടിക്കാട് സെന്ററിൽ സെക്യുലർ സ്ട്രീറ്റ് സംഘടിപ്പിച്ചു. പട്ടിക്കാട് എകെജി മന്ദിരത്തിൽ നിന്നും ആരംഭിച്ച റാലി ടി.കെ.ആർ ബസ്റ്റാൻഡിൽ സമാപിച്ചു.
തുടർന്ന് നടന്ന പൊതുസമ്മേളനം ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗവും എംഎൽഎയുമായ സേവ്യർ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. രണ്ടു നൂറ്റാണ്ടോളം ഇന്ത്യയെ അടിമത്വത്തിലാക്കാൻ സാമ്രാജ്യത്വ ശക്തികൾ നടപ്പാക്കിയ വിഭജന തന്ത്രമാണ് നരേന്ദ്ര മോദി സർക്കാർ ഇപ്പോൾ ഇന്ത്യയിൽ നടപ്പാക്കുന്നതെന്ന് സേവ്യർ ചിറ്റിലപ്പിള്ളി പറഞ്ഞു. വിവിധ മതങ്ങളെ തമ്മിൽ ഭിന്നിപ്പിച്ചുകൊണ്ട് അധികാരം നിലനിർത്താനാണ് ബിജെപിയും മറ്റ് സംഘപരിവാർ ശക്തികളും ശ്രമിക്കുന്നത്. ഇതിനെതിരെ ജനാധിപത്യത്തിലും മതനിരപേക്ഷതയിലും അടിസ്ഥാനമിട്ട യുവതലമുറ ഉയർന്നുവരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡിവൈഎഫ്ഐ മണ്ണുത്തി ബ്ലോക്ക് പ്രസിഡന്റ് നിബിൻ ശ്രീനിവാസൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സിപിഐഎം മണ്ണുത്തി ഏരിയ സെക്രട്ടറി എം.എസ് പ്രദീപ്കുമാർ, പാണഞ്ചേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി മാത്യു നൈനാൻ, പീച്ചി ലോക്കൽ കമ്മിറ്റി സെക്രട്ടറി എം ബാലകൃഷ്ണൻ, കെ.ആർ രവി, സാവിത്രി സദാന്ദൻ, കെ.വി അനിത, ഡിവൈഎഫ്ഐ മണ്ണുത്തി ബ്ലോക്ക് സെക്രട്ടറി മനു പുതിയാമഠം തുടങ്ങിയവരും സംസാരിച്ചു. സ്വാതന്ത്ര്യ ദിനത്തിൽ കേരളത്തിലെ മുഴുവൻ ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിലും സെക്കുലർ സ്ട്രീറ്റുകൾ സംഘടിപ്പിക്കുന്നുണ്ട്. പട്ടിക്കാട് നടന്ന റാലിയിൽ മണ്ണുത്തി ബ്ലോക്ക് കമ്മിറ്റിക്ക് കീഴിലെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള അംഗങ്ങൾ പങ്കെടുത്തു.


0 Comments