അപകടത്തിൽപ്പെട്ട് കിടപ്പിലായ യുവാവിന് രണ്ടേകാൽ ലക്ഷം രൂപ ധന സഹായം നൽകി ഭവൻസ് പൂർവ്വ വിദ്യാർഥി സംഘടന


മണ്ണുത്തി. അപകടത്തിൽപ്പെട്ട് കിടപ്പിലായ യുവാവും രോഗിയായ പിതാവും അടങ്ങിയ നിർധന കുടുംബത്തിന് രണ്ടേകാൽ ലക്ഷം രൂപയുടെ ധന സഹായവുമായി പൂച്ചട്ടി ഭവൻസ് പൂർവ്വ വിദ്യാർഥി സംഘടന. സ്‌കൂളിലെ പൂർവ്വ വിദ്യാർഥികൂടിയായ പോലൂക്കര എരവിമംഗലം വെള്ളത്ത് വീട്ടിൽ ഗോഡ്‌സൻ (19) നാണ് പൂച്ചട്ടി ഭവൻസ് പൂർവ്വ വിദ്യാർഥി സംഘടന സഹായവുമായി എത്തിയത്. സംഘടനയുടെ ട്രഷററും പട്ടിക്കാട് ലാലീസ് ഹൈപ്പർമാർക്കറ്റ് എംഡിയുമായ പോൾ കെ.ജോസഫ്, സെക്രട്ടറി മീനാക്ഷി, കമ്മിറ്റി അംഗം അനുപ എന്നിവർ ചേർന്ന് കുടുംബത്തിന് തുക കൈമാറി. 

ഇതേ സ്‌കൂളിലെ ഡ്രൈവറായിരുന്ന ഗോഡ്‌സന്റെ പിതാവ് റോബിൻ സ്‌ട്രോക്ക് വന്നതിനെ തുടർന്ന് ജോലിക്ക് പോകാൻ കഴിയാത്ത നിലയിലാണ്. ഇതോടെ ചുവന്നമണ്ണ് എസ്എൻ കോളേജ് ബിബിഎ രണ്ടാം വർഷ വിദ്യാർഥിയായ ഗോഡ്‌സൻ കുടുംബത്തെ സഹായിക്കാൻ പഠനം ഉപേക്ഷിക്കുകയായിരുന്നു. ഡെലിവറി ബോയ് ആയി ജോലിചെയ്യുന്നതിനിടെ ഉണ്ടായ ബൈക്ക് അപകടത്തെ തുടർന്ന് നട്ടെല്ലിനുണ്ടായ ക്ഷതമാണ് ഗോഡ്‌സന്റെ ഒരു വശം തളർത്തിയത്. ഇതോടെ കുടുംബം വീണ്ടും സാമ്പത്തിക പ്രതിസന്ധിയിലായി.

വാടകയ്ക്ക് ഒന്നാം നിലയിൽ താമസിച്ചിരുന്ന കുടുംബം, ഗോഡ്‌സനെ ഫിസിയോ തെറാപ്പിക്ക് ദിവസേന കൊണ്ടുപോകുന്നതിലെ ബുദ്ധിമുട്ട് ഒഴിവാക്കാൻ ബന്ധുവീട്ടിലാണ് ഇപ്പോൾ കഴിയുന്നത്. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുന്ന കുടുംബം ഗോഡ്‌സന്റെ തുടർ ചികിത്സയ്ക്കും മറ്റ് ആവശ്യങ്ങൾക്കുമായി സുമനസുകളുടെ സഹായവും തേടുന്നുണ്ട്.

NAME: RENCY ROBINSON
BANK : CANARA BANK
AC NO: 2940101029989
IFSC  : CNRB0002940
Mob: 79072 43542







Post a Comment

0 Comments