പീച്ചി. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസ്സോസിയേഷന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 5ന് നടത്തുന്ന പാർലമെന്റ് മാർച്ചിന് മുന്നോടിയായി പീച്ചി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കാൽനട പ്രചരണ ജാഥ നടത്തി. എഐഡിഡബ്ല്യുഎ ജില്ലാ വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ വിലങ്ങന്നൂരിൽ ജാഥ ഉദ്ഘാടനം ചെയ്തു. ഇന്ത്യയിൽ സ്ത്രീകൾക്കുള്ള സ്വാതന്ത്യം നഷ്ടപ്പെടുത്തുന്ന ഭരണമാണ് കേന്ദ്രസർക്കാർ നടപ്പാക്കുന്നതെന്നും സ്ത്രീ വിരുദ്ധ സർക്കാരാണ് ഇപ്പോൾ ഭരണം നടത്തുന്നതെന്നും സാവിത്രി സദാനന്ദൻ ആരോപിച്ചു. ചോദ്യങ്ങൾ ഭയന്ന് മാധ്യമങ്ങളിൽ നിന്നും ഒളിച്ചോടുന്ന ഒരു പ്രധാനമന്ത്രിയാണ് ഇപ്പോൾ രാജ്യത്തുള്ളതെന്നും അവർ പറഞ്ഞു. വിലങ്ങന്നൂർ മുതൽ കണ്ണാറ വരെയാണ് ജാഥ നടത്തിയത്. ജാഥയുടെ സമാപന സമ്മേളനം എഐഡിഡബ്ല്യുഎ ഏരിയ സെക്രട്ടറി പ്രിയ മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. ജാഥ ക്യാപ്റ്റൻ കെ.വി. അനിത, വൈസ് ക്യാപ്റ്റൻ അജിത മോഹൻദാസ് മാനേജർ ഷൈലജ വിജയകുമാർ എന്നിവർ നേതൃത്വം നൽകി.


0 Comments