അടിപ്പാത നിർമ്മാണം ഉടൻ ആരംഭിക്കണം: ജനകീയ പ്രതിഷേധം ശക്തമാകുന്നു


പട്ടിക്കാട്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ദേശീയപാതയിലെ മുടിക്കോടും വാണിയംപാറ മേലേചുങ്കത്തുമുണ്ടായ രണ്ട് അപകടങ്ങളിൽ ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് ഗുരുതരമായ  പരിക്കേൽക്കുകയും ചെയ്തു. മുടിക്കോട് ജങ്ഷനിൽ ദേശീയപാത മുറിച്ചു കടക്കുകയായിരുന്ന കൂട്ടാല സ്വദേശിനിയായ വയോധിക പിക്കപ്പ് വാൻ ഇടിച്ചു മരിക്കുകയായിരുന്നു. മേലേചുങ്കത്ത് സ്‌കൂട്ടർ യാത്രികന് കാറിടിച്ച്  ഗുരുതരമായ പരിക്കേറ്റു. മുടിക്കോട് ജങ്ഷനിലെ അപകടത്തെ തുടർന്ന് വലിയ ജനകീയ പ്രതിഷേധം ഉയർന്നുവന്നു. സർവ്വകക്ഷിയോഗം ചേർന്ന് ആലോചനകൾ നടത്തി. അതിന് പിന്നാലെ പതിവു പോലെ മുടിക്കോടും മേലേചുങ്കത്തും കല്ലിടുക്കിലും അടിപ്പാത നിർമ്മിക്കുമെന്ന പ്രഖ്യാപനവും വന്നു. 

മണ്ണുത്തി വടക്കുഞ്ചേരി ദേശീയപാതയിൽ ദിനംതോറും വേറെയും അപകടങ്ങൾ ഉണ്ടാകുന്നുണ്ട്. എന്നാൽ മുടിക്കോടും വാണിയംപാറയിലും കല്ലിടുക്കിലുമുണ്ടാകുന്ന അപകടങ്ങളുടെ മുഖ്യ ഉത്തരവാദിത്തത്തിൽ നിന്ന് ഹൈവേ അതോറിറ്റിക്ക് ഒഴിഞ്ഞു നിൽക്കാനാകില്ല. നൂറുകണക്കിന് ജനങ്ങൾക്ക് ദേശീയപാത കുറുകെ കടക്കേണ്ടി വരുന്ന സ്ഥലങ്ങളാണ് ഇവയെല്ലാം. അതിൽ വിദ്യാർഥികളും വയോധികരുമൊക്കെപെടും. സർവ്വീസ് റോഡുൾപ്പെടെ അമ്പത് മീറ്ററോളം വീതിയുള്ള പാത ഇരുഭാഗത്തേക്കും ചീറിപ്പായുന്ന വാഹനങ്ങൾക്കിടയിലൂടെ കുറുകെ കടക്കുക എന്നത് എളുപ്പല്ല. എത്രയോ മനുഷ്യരുടെ വിലപ്പെട്ട ജീവനുകളാണ് ഈ ജങ്ഷനുകളിൽ ഇതിനോടകം പൊലിഞ്ഞിട്ടുള്ളത് എന്ന കണക്കുകൾ ഞെട്ടലുളവാക്കുന്നതാണ്. അപകടങ്ങളിൽ പരിക്കേറ്റ് ജീവിതം വഴിമുട്ടിയവർ അതിലേറെയുണ്ട്. ഇവിടങ്ങളിലെല്ലാം അടിപ്പാതകൾ അനിവാര്യമാണെന്നതിന് വേറെ എന്ത് മാനദണ്ഡമാണ് വേണ്ടത്?
 
ഹൈവേ അതോറിറ്റിയുടെയും ബന്ധപ്പെട്ട സർക്കാർ സംവിധാനങ്ങളുടെയും കുറ്റകരമായ അനാസ്ഥതന്നെയാണ് കാരണം. ഇവിടെ ഇപ്പോഴും പദ്ധതി തയ്യാറാക്കലും റിപ്പോർട്ടും എസ്റ്റിമേറ്റു മൊക്കെയായി ഇഴഞ്ഞുനീങ്ങുകയാണ് അതോറിറ്റി. ദേശീയപാതയുടെ നിർമ്മാണഘട്ടത്തിൽ തന്നെ ഇവിടങ്ങളിൽ അടിപ്പാതകൾ വേണമെന്ന ആവശ്യം ശക്തമായി ഉയർന്നിരുന്നു. അതിന്റെ അനിവാര്യത ഹൈവേ അതോറിറ്റിക്കും ബോധ്യപ്പെട്ടിട്ടുള്ളതാണ്. കോടതി ഉത്തരവുകളുൾപ്പെടെ ഉണ്ടായിട്ടും ഇതുവരെ നടന്നത് പ്രഖ്യാപനങ്ങൾ മാത്രമാണ്. മുടിക്കോടും കല്ലിടുക്കിലും വാണിയംപാറയിലും അടിപ്പാതയുടെ പ്രപ്പോസൽ ദേശീയപാത അതോറിറ്റി അംഗീകരിച്ചതായും നിർമ്മാണം വൈകാതെ തുടങ്ങുമെന്നും കഴിഞ്ഞ ദിവസം എംപി ടി.എൻ പ്രതാപൻ  അറിയിച്ചിരുന്നു. അടിപ്പാത നിർമ്മാണം ആരംഭിച്ചിൽ മാത്രം പോര, പണികൾ വേഗം പൂർത്തിയാക്കുകയും വേണം.



Post a Comment

0 Comments