ചെമ്പൂത്ര. പാണഞ്ചേരി പഞ്ചായത്തിലെ ചെമ്പൂത്ര, പാണഞ്ചേരി വാർഡുകളിൽ പെടുന്ന കനാൽപുറം ഇറിഗേഷൻ പുറമ്പോക്കിലെ 12 കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള നടപടികൾ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് തൽക്കാലം നിർത്തിവെച്ചു. ഹൈക്കോടതി വിധിയെ തുടർന്ന് ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് തഹസിൽദാർ ടി ജയശ്രീ, ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ, പീച്ചി പോലീസ് പ്രിൻസിപ്പൽ എസ്‌ഐ ബിപിൻ ബി നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം എന്നിവർ സർവ്വ സന്നാഹങ്ങളുമായി ഒഴിപ്പിക്കാൻ എത്തിയത്. വിവരമറിഞ്ഞ് നാട്ടുകാരും പ്രദേശത്ത് ഒത്തുകൂടി. ഒഴിപ്പിക്കേണ്ടി വരുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ മാർഗ്ഗമില്ലാത്ത പ്രതിസന്ധി കണക്കിലെടുത്ത് നിലവിലുള്ള സ്ഥിതിഗതികൾ വ്യക്തമാക്കി കളക്ടർക്ക് റിപ്പോർട്ട് നൽകുമെന്ന് തഹസിൽദാർ പറഞ്ഞു.
ഒഴിപ്പിക്കുന്ന കുടുംബങ്ങളുടെ പുനരധിവാസത്തെക്കുറിച്ച് കോടതി വിധിയിൽ വ്യക്തതയില്ലാത്തതാണ് പ്രതിസന്ധിയായത്. പുറമ്പോക്കിനോട് ചേർന്നു കിടക്കുന്ന സ്വകാര്യ ഭൂമിയുടെ ഉടമ നൽകിയ അന്യായത്തിലാണ് കുടുംബങ്ങളെ ഒഴിപ്പിക്കാൻ കോടതി ഉത്തരവായത്. ഈ ഭൂമിയിലേക്ക് വഴി നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം ഉണ്ടായിരുന്നു. 14 വർഷത്തോളമായി ഇതുമായി ബന്ധപ്പെട്ട കേസ് കോടതിയിൽ നിലവിലുണ്ട്. പുറമ്പോക്കിൽ നിന്ന് കുടുംബങ്ങളെ ഒഴിപ്പിക്കണമെന്ന് ആറ് മാസം മുമ്പ് കോടതി വിധി വന്നിരുന്നു. ഒഴിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ട് ഇറിഗേഷൻ അധികൃതർ കഴിഞ്ഞ ജൂലൈ 7ന് കുടുംബങ്ങൾക്ക് നോട്ടീസ് നൽകിയിരുന്നു.
ഇവിടെ താമസിക്കുന്ന അഞ്ചു കുടുംബങ്ങൾ പാണഞ്ചേരി ഒന്നാം വാർഡിലും ഏഴു കുടുംബങ്ങൾ ചെമ്പൂത്ര രണ്ടാം വാർഡിലും ഉൾപ്പെടുന്നതാണ്. വൈദ്യുതി കണക്ഷൻ, കുടിവെള്ള കണക്ഷൻ, വീട്ടു നമ്പർ തുടങ്ങിയവയെല്ലാം ഈ കുടുംബങ്ങൾക്കുണ്ട്. പുറമ്പോക്കിൽ കഴിയുന്നവർക്ക് പഞ്ചായത്തിൽ നിന്ന് അനുവദിക്കുന്ന വിവിധ ആനുകൂല്യങ്ങളെല്ലാം ഈ കുടുംബങ്ങൾക്ക് ലഭിക്കുന്നുമുണ്ട്. എന്നാൽ മാറിത്താമസിക്കാൻ മറ്റൊരിടവുമില്ലാത്ത നിർധന കുടുംബങ്ങളാണ് ഏറെയും. രോഗികളും പ്രായമായവരെയും കൊണ്ട് എങ്ങോട്ട് പോകണമെന്ന് അറിയാത്ത നിസ്സഹായാവസ്ഥയിലാണ് ഇവർ. 40 വർഷത്തോളമായി ഇവിടെ താമസിച്ചു വരുന്ന കുടുംബങ്ങളും ഇക്കൂട്ടത്തിൽ ഉണ്ട്.
ഒഴിപ്പിക്കേണ്ടി വരുന്ന കുടുംബങ്ങളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട സൗകര്യങ്ങൾ ഒരുക്കിയതിനു ശേഷമേ ഒഴിപ്പിക്കൽ നടപടികളെടുക്കാവൂ എന്ന് രണ്ടാം വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ സാവിത്രി സദാനന്ദൻ ആവശ്യപ്പെട്ടു. കുടുംബങ്ങളുടെ പ്രതിഷേധം സമാധാനപരമായിരുന്നു. ഒന്നാം വാർഡ് മെമ്പർ ജയകുമാർ ആദങ്കാവിൽ, മറ്റ് വാർഡ് മെമ്പർമാർ, വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതാക്കൾ, പൊതുപ്രവർത്തകർ എന്നിവരും സ്ഥലത്ത് ഉണ്ടായിരുന്നു.


0 Comments