പാണഞ്ചേരിയിൽ അപകടകാരികളായ ആഫ്രിക്കൻ ഒച്ചുകൾ; അതീവ ജാഗ്രത വേണമെന്ന് വിദഗ്ധർ


പട്ടിക്കാട്പാണഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ അപകടകാരികളായ ആഫ്രിക്കൻ ഒച്ചിനെ (അക്കാറ്റിന ഫുലിക്ക) കണ്ടെത്തി. പാണഞ്ചേരി പാൽ സൊസൈറ്റിക്ക് സമീപത്താണ് ഇവയെ ഇപ്പോൾ വ്യാപകമായ നിലയിൽ കണ്ടെത്തിയത്. എന്നാൽ ചില ആഴ്ചകളായി സമീപ പ്രദേശങ്ങളിൽ ഇവയുടെ സാന്നിധ്യം ഉള്ളതായും നാട്ടുകാർ പറഞ്ഞു. ഇവയ്‌ക്കെതിരെ അതീവ ജാഗ്രത പുലർത്തണമെന്ന് ആഫ്രിക്കൻ ഒച്ചുകളെക്കുറിച്ച് ഗവേഷണം നടത്തിയിട്ടുള്ള ഡോ. കീർത്തി വിജയൻ പറഞ്ഞു. കേരള അഗ്രിക്കൾച്ചറൽ യൂണിവേഴ്‌സിറ്റിയിലെ ടീച്ചിങ് അസിസ്റ്റന്റാണ് ഡോ. കീർത്തി.

പത്ത് വയസ്സിന് താഴെയുള്ള കുട്ടികളിൽ മെനിഞ്ചൈറ്റിസ് രോഗം പരത്താൻ ആഫ്രിക്കൻ ഒച്ചുകൾ കാരണമാകുമെന്ന് ഡോക്ടർ പറഞ്ഞു. ഇവയുടെ സ്രവത്തിലൂടെ മെനിഞ്ചൈറ്റിസിന് കാരണമാകുന്ന നിമവിരകൾ ശരീരത്തിൽ പ്രവേശിക്കാൻ സാധ്യതയുണ്ട്. മാത്രമല്ല പാണഞ്ചേരിയിലെ പ്രധാന ഇനമായ വാഴകൃഷിയെ ആഫ്രിക്കൻ ഒച്ചിന്റെ വ്യാപനം ഗുരുതരമായി ബാധിക്കുകയും ചെയ്യും.

 

ലോകത്തെ പ്രധാനപ്പെട്ട നൂറ് അക്രമി ജീവിവർഗങ്ങളിൽപ്പെട്ട ആഫ്രിക്കൻ ഒച്ച് മഴക്കാലത്താണ് എത്തുക. കേരളത്തിലെ പല സ്ഥലങ്ങളും ഇവയുടെ ആക്രമണത്തിൽ വലിയ കൃഷിനാശമാണ് സംഭവിക്കുന്നത്. വിളകളടക്കമുള്ള വിവിധ സസ്യങ്ങളെ മുച്ചൂടും തിന്നു നശിപ്പിക്കുക മാത്രമല്ല, കുടിവെള്ള സ്രോതസ്സുകൾ, വീടുകളിലെ താരതമ്യേന തണുപ്പും ജലാംശവുമുള്ള സ്ഥലങ്ങൾ എന്നിവിടങ്ങളിൽ കൂട്ടമായെത്തി കാഷ്ഠവും സ്രവവും കൊണ്ട് മലിനമാക്കുകയും ചെയ്യും. കാർഷികലോകത്തിനും പരിസ്ഥിതിക്കും ഇവയേൽപ്പിക്കുന്ന ആഘാതം വളരെ വലുതാണ്.


മണ്ണ്, വളം, അലങ്കാര ചെടികൾ, മരത്തടി എന്നിവ ഒരു പ്രദേശത്ത് നിന്നും മറ്റിടങ്ങളിലേയ്ക്ക് കൊണ്ടുപോകുന്നതും ഇവയുടെ വ്യാപനത്തിന് കാരണമാണ്. മറ്റുരാജ്യങ്ങളിൽനിന്ന് തടി ഇറക്കുമതിയിലൂടെ കേരളത്തിൽ എത്തിയ ഇവ 2018ലെയും 2019ലെയും വെള്ളപ്പൊക്കത്തിലൂടെയാണ് വ്യാപിച്ചത്.


അഞ്ചുമുതൽ ആറുവർഷം വരെയാണ് ഇവയുടെ ആയുസ്സ്. തണുത്ത പ്രതലത്തിൽ ജീവിക്കാൻ ഇഷ്ടപ്പെടുന്ന ഇവ മുട്ടകൾ സൂക്ഷിക്കുന്നത് മണ്ണിനടിയിലാണ്. ഒരുതവണ 800ൽ അധികം മുട്ടയിടും. ഇണചേരാതെതന്നെ പ്രത്യുൽപ്പാദന ശേഷിയുമുണ്ട്.  മൂന്നു വർഷംവരെ ഭക്ഷണം കഴിക്കാതെ മണ്ണിനടിയിൽ ജീവിക്കാൻ ആഫ്രിക്കൻ ഒച്ചിന് സാധിക്കുമെന്നതും പ്രശ്‌നത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. 


കാണുന്ന സമയത്തുതന്നെ ഇവയെ നശിപ്പിക്കുകയാണ് ഏക പ്രതിവിധി. പുകയില കഷായവും തുരിശും ചേർന്ന ലായനി ഉപയോഗിച്ച് ആഫ്രിക്കൻ ഒച്ചുകളെ നശിപ്പിക്കാമെന്ന് കേരള വന ഗവേഷണ സ്ഥാപനത്തിൽ നടത്തിയ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഒച്ചിന്റെ ദ്രവം ശരീരത്തിലാവാതിരിക്കാൻ ശ്രദ്ധിക്കണമെന്നും വിദഗ്ധരുടെ മുന്നറിയിപ്പുണ്ട്.


ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന് ആരോഗ്യ വകുപ്പും ബന്ധപ്പെട്ട മറ്റ് അധികൃതരും അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് പാണഞ്ചേരി വാർഡ് മെമ്പർ ജയകുമാർ ആദംകാവിൽ ആവശ്യപ്പെട്ടു.





Post a Comment

0 Comments