തൃശൂർ. കേരള അഗ്‌നിരക്ഷാസേനയിൽ നിയമിതരായ ആദ്യ ബാച്ചിലെ ഫയർ വുമൺ ട്രെയിനികളുടെ പരിശീലനത്തിന് വിയ്യൂർ ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ് അക്കാദമിയിൽ തുടക്കമായി. ഉദ്ഘാടനം ഫയർ ആൻഡ് റെസ്‌ക്യു ഡയറക്ടർ ജനറൽ കെ പത്മകുമാർ നിർവഹിച്ചു. രാജ്യത്തെ ഫയർ സർവീസ് ചരിത്രത്തിൽ ഒരേസമയം ഇത്രയേറെ വനിതകൾ പരിശീലനത്തിൽ പങ്കെടുക്കുന്നത് ആദ്യമായാണ്. സംസ്ഥാന സർക്കാരിന്റെ പ്രത്യേക താൽപര്യപ്രകാരം യൂണിഫോം സേനകളിൽ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നിയമനം.
അക്കാദമിയിലെ ആറുമാസത്തെ അടിസ്ഥാന പരിശീലനത്തിന് ശേഷം ബന്ധപ്പെട്ട നിലയങ്ങളിൽ സ്‌റ്റേഷൻ പരിശീലനത്തിനായി അയക്കും. തുടർന്ന് വിവിധ സ്‌റ്റേഷനുകളിൽ രക്ഷപ്രവർത്തനങ്ങൾക്കായി ഇവരെ നിയോഗിക്കും. നിലവിൽ 86 പേരാണ് നിയമിതരായത്. പ്ലസ് ടു ആണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയെങ്കിലും ഭൂരിഭാഗം പേരും ഉന്നത വിദ്യാഭ്യാസം കൈവരിച്ചവരാണ്. സേനയുടെ വികസനത്തിനും വളർച്ചയ്ക്കും മുഖ്യപങ്ക് വഹിക്കാൻ അർപ്പണമനുഭാവത്തോടുകൂടി പ്രവർത്തിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. പരിശീലനത്തിൽ പങ്കെടുക്കുന്ന 86 പേരിൽ 28 ബിരുദാനന്തര ബിരുദധാരികളും 48 ബിരുദധാരികളും 3 ബി.ടെക് ബിരുദധാരികളും ബി.എഡ് യോഗ്യതയുള്ള 3 പേരും ഉൾപ്പെടുന്നു. തിരുവനന്തപുരം 12, കൊല്ലം നാല്, പത്തനംതിട്ട 2, ആലപ്പുഴ 8, കോട്ടയം 4, എറണാകുളം 10, ഇടുക്കി മൂന്ന്, തൃശൂർ നാല്, പാലക്കാട് 6, മലപ്പുറം 6, കോഴിക്കോട് 9, വയനാട് മൂന്ന്, കണ്ണൂർ 6, കാസർഗോഡ് 3 വീതം പേരാണ് നിയമിതരായത്.
ഡയറക്ടർ ടെക്‌നിക്കൽ എം നൗഷാദ് അധ്യക്ഷനായി. ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ് അക്കാദമി റീജിയണൽ ഫയർ ഓഫീസർ എം.ജി രാജേഷ്, പാലക്കാട് റീജിയണൽ ഫയർ ഓഫീസർ കെ.കെ ഷിജു, ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ് അക്കാദമി ജില്ലാ ഫയർ ഓഫീസർ എസ്.എൽ ദിലീപ്, ജില്ലാ ഫയർ ഓഫീസർമാരായ അരുൺ ഭാസ്‌കർ, എം.എസ് സുവി, ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ് അക്കാദമി ജില്ലാ ഫയർ ഓഫീസർ റെനി ലൂക്കോസ് തുടങ്ങിയവർ സംസാരിച്ചു.


0 Comments