പീച്ചി. മയിലാട്ടുംപാറയിൽ കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. വെള്ളിയാഴ്ച പുലർച്ചെ രണ്ടു മണിയോടെ വൈദ്യുതി വേലി തകർത്ത് ജനവാസ മേഖലയിലേക്കിറങ്ങിയ കാട്ടാനക്കൂട്ടം വൻ കൃഷി നാശമാണ് ഉണ്ടാക്കിയത്. കിഴക്കേക്കുടിയിൽ മാത്യു, കീഴാത്ത് മധു, തോട്ടുംകര പുത്തൻപുരയിൽ ബേബി, കോൺപറമ്പിൽ മോഹൻദാസ് എന്നീ കർഷകരുടേതായി 1000 ലേറെ വാഴ, തൈകൾ ഉൾപ്പെടെ 25 ഓളം തെങ്ങുകൾ, ഇവ കൂടാതെ കപ്പ, ഇഞ്ചി എന്നീ കാർഷിക വിളകളും കാട്ടാനക്കൂട്ടം നശിപ്പിച്ചു. നാട്ടുകാരും വാച്ചർമാരും ചേർന്ന് ആനകളെ തുരത്തിയെങ്കിലും പുലർച്ചെ 5 മണിയോടെ വീണ്ടും എത്തി കൃഷി നശിപ്പിക്കുകയായിരുന്നു. ആന ആക്രമിക്കാൻ ശ്രമിച്ചപ്പോൾ ഓടിയതിനെ തുടർന്ന് വാച്ചർ ജോഷിക്ക് പരിക്കേറ്റു.
പട്ടിക്കാട് ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ടി.കെ ലോഹിദാക്ഷനും സംഘവും സ്ഥലത്തെത്തി നാശനഷ്ടം കണക്കാക്കി. ആനയിറങ്ങുന്ന മേഖലകളിൽ രാത്രി കാല ഡ്യൂട്ടിക്ക് വാച്ചർമാരെ നിയോഗിച്ചിട്ടുണ്ട്. വാർഡ് മെമ്പർ സ്വപ്ന രാധാകൃഷ്ണനും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.


0 Comments