പട്ടിക്കാട്. ദേശീയപാതയിൽ ചുവന്നമണ്ണ് സെന്ററിൽ സ്‌കോർപിയോ കാറും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മരിച്ച പാവറട്ടി മുട്ടത്ത് വീട്ടിൽ സീജോ (52) യുടെ സംസ്‌കാരം നാളെ (വെള്ളി) രാവിലെ 9ന് പാവറട്ടി സെന്റ് ജോസഫ് തീർഥകേന്ദ്രം സെമിത്തേരിയിൽ. ഭാര്യ: തിരുവങ്കിടം മുട്ടത്ത് കുടുംബാംഗമായ ടെസി (അധ്യാപിക സാൻ ജോസ് പബ്ലിക് സ്‌കൂൾ, പാവറട്ടി). മക്കൾ: ഡിയോൺ, ദിയറോസ്.
കേരള കോൺഗ്രസ് ജില്ലാ നിർവാഹക സമിതി അംഗം, കേരള കർഷക യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി, പാവറട്ടി തീർഥകേന്ദ്രം വടക്കുഭാഗം ആഘോഷ കമ്മിറ്റി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ പാലക്കാട് ഭാഗത്തേക്കുള്ള പാതയിലാണ് അപകടം ഉണ്ടായത്. ചുവന്നമണ്ണ് സെന്ററിൽ യു ടേൺ തിരിയാൻ ശ്രമിക്കുകയായിരുന്ന സീജോയുടെ ബൈക്കിൽ ഇതേ ദിശയിൽ വരികയായിരുന്ന സ്‌കോർപിയോ കാർ ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് റോഡിലേക്ക് തെറിച്ചുവീണ സീജോയുടെ ദേഹത്തേക്ക് നിയന്ത്രണം വിട്ടു ഡിവൈഡറിൽ ഇടിച്ച കാർ മറിയുകയും ചെയ്തു. ഇതേ തുടർന്ന് ഗുരുതരമായി പരിക്കേറ്റ സീജോയെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രി പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


0 Comments