ചീനിക്കടവിൽ വീടിന് പുറകിലേയ്ക്ക് മണ്ണിടിഞ്ഞ് വീണു; പത്ത് വയസ്സുകാരൻ രക്ഷപെട്ടത് തലനാരിഴയ്ക്ക്


കണ്ണാറ. ചീനിക്കടവിൽ വൈഎംസിഎക്ക് സമീപം വീടിന് പുറകിലേയ്ക്ക് മണ്ണിടിഞ്ഞു വീണു. മുറ്റത്ത് നിൽക്കുകയായിരുന്ന പത്ത് വയസ്സുകാരൻ അപകടത്തിൽ പെടാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്. ഇന്നലെ (ചൊവ്വാഴ്ച) ഉച്ചയോടെയാണ് കുരുമ്പേപ്പറമ്പിൽ ചന്ദ്രികയുടെ വീട്ടിലേയ്ക്ക് സമീപവാസിയുടെ പറമ്പിലെ മണ്ണിടിഞ്ഞ് വീണത്. ഈ സമയം ചന്ദ്രികയും കൊച്ചുമകനും വീടിന് പുറകിൽ ഉണ്ടായിരുന്നെങ്കിലും ശബ്ദം കേട്ട് ഓടി രക്ഷപെടുകയായിരുന്നു. അപകടസാധ്യതയുള്ള മണ്ണ് നീക്കം ചെയ്യണമെന്ന് സമീപവാസിയോട് പലവട്ടം ആവശ്യപ്പെട്ടിട്ടും മണ്ണ് നീക്കം ചെയ്യാൻ അവർ തയ്യാറായില്ലെന്ന് ചന്ദ്രിക പറഞ്ഞു. 

ചന്ദ്രികയും മകനും കുടുംബവുമാണ് ഇവിടെ താമസിക്കുന്നത്. വാർഡ് മെമ്പർ രേഷ്മ സജീഷ് സ്ഥലം സന്ദർശിച്ചു. അപകടസാധ്യത മുന്നിൽ കണ്ട് ആവശ്യമെങ്കിൽ കുടുംബത്തോട് മാറി താമസിക്കാൻ നിർദ്ദേശം നൽകിയിട്ടുള്ളതായും കുടുംബത്തിന്റെ സുരക്ഷയ്ക്ക് വേണ്ട ക്രമീകരണങ്ങൾ ചെയ്തു നൽകാമെന്ന് ഉറപ്പ് നൽകിയിട്ടുള്ളതായും മെമ്പർ പറഞ്ഞു.





Post a Comment

0 Comments