കണ്ണാറ. അപകട ഭീഷണിയിലായതിനെ തുടർന്ന് കണ്ണാറയിലെ പുതിയ പാലത്തിന്റെ അപ്രോച്ച് റോഡിലെ കരിങ്കൽ ഭിത്തി പുനർനിർമ്മിക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങി. പടിഞ്ഞാറുഭാഗത്തെ അപ്രോച്ച് റോഡിന്റെ കരിങ്കൽ കെട്ടാണ് ഏതു നിമിഷവും ഇടിഞ്ഞു വീഴാവുന്ന നിലയിലായത്. ഇരുപത് അടിയോളം ഉയരമുണ്ട് ഇതിന്. റോഡിന്റെ നിർമ്മാണം പൂർത്തിയായി അധികം വൈകാതെ തന്നെ കരിങ്കൽ കെട്ടിന് ബലക്ഷയം സംഭവിച്ചിരുന്നു. ഇതേ തുടർന്ന് റോഡിൽ ഉടനീളത്തിൽ വിള്ളലുണ്ടാവുകയും ചെയ്തു.
കുറച്ചുകാലം ഈ ഭാഗത്തുകൂടെ ഗതാഗതം നിയന്ത്രിക്കുകയും ചെയ്തു. പിന്നീട് ടാറിങ് മിശ്രിതം ഒഴിച്ച് വിള്ളൽ അടച്ച് റോഡ് ഉപയോഗപ്പെടുത്തി വരികയായിരുന്നു. കരിങ്കൽ കെട്ടിന്റെ നിർമ്മാണഘട്ടത്തിൽ തന്നെ അപാകത പലരും ചൂണ്ടിക്കാട്ടിയിരുന്നു. ഇത്രയും ഉയരത്തിലുള്ള കരിങ്കൽ ഭിത്തി കെട്ടുന്നതിന് ആവശ്യമായ ഫൗണ്ടേഷൻ എടുത്തിരുന്നി ല്ലെന്നും മണലിപ്പുഴയിലെ ചെളിയിൽ ക്വാറി വേസ്റ്റ് ഇട്ട് നിരത്തി അതിനു മുകളിൽ കരിങ്കല്ല് കെട്ടുകയായിരുന്നു എന്നുമായിരുന്നു ഉയർന്നു വന്നിരുന്ന ആക്ഷേപം.
കെട്ടിന്റെ ഉയരത്തിന് ആനുപാതികമായ ചെരിവും നിലനിർത്തിയിരുന്നില്ല. പുതിയ പാലത്തിലൂടെ വാഹന ഗതാഗതം തുടങ്ങിയിട്ട് 12 വർഷത്തിലേറെ കഴിഞ്ഞു. വർഷങ്ങൾ കഴിയുംതോറും കരിങ്കൽ ഭിത്തി കൂടുതൽ അപകടാവസ്ഥയിലാവുകയും കെട്ട് പുറത്തേക്ക് തള്ളാൻ തുടങ്ങുകയും ചെയ്തു. ഇപ്പോൾ മലയോര ഹൈവേയുടെ നിർമ്മാണ പ്രവർ ത്തനങ്ങളുടെ ഭാഗമായാണ് കരിങ്കൽ കെട്ട് പുനർനിർമ്മിക്കുന്നത്.


0 Comments