മണ്ണിടിഞ്ഞ് വീട് ഭാഗികമായി തകർന്നു; ഒഴിവായത് വലിയ ദുരന്തം


പട്ടിക്കാട്. താണിപ്പാടം പതിനെട്ടാംപടി റോഡ് കനാൽപ്പുറത്ത് മണ്ണിടിഞ്ഞ് ചെട്ടിത്തറ വീട്ടിൽ സുരേഷിന്റെ വീട് ഭാഗികമായി തകർന്നു. തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെ അയൽക്കാരനായ കൊക്കിണി വീട്ടിൽ സുകുമാരന്റെ വീടീന്റെ മുറ്റം ഉൾപ്പെടെ ഉള്ള ഭാഗമാണ് സുരേഷിന്റെ വീടിന്റെ മുകളിലേക്ക് ഇടിഞ്ഞുവീണത്. അടുക്കളയുടെ ചുമർ തകർന്നുവീഴുകയും അടുക്കള പൂർണ്ണമായും തകരുകയും ചെയ്തു. വീടീന്റെ മേൽക്കൂര ഭാഗികമായി തകരുകയും ചെയ്തു. ശബ്ദം കേട്ട് വീട്ടുകാർ പുറത്തേക്ക് ഓടിയിറങ്ങിയതിനാൽ വലിയ ദുരന്തം ഒഴിവായി. 

നിലവിൽ ടാർപ്പായ വിരിച്ചിട്ടാണ് മറ്റുള്ള മുറികളിലേക്ക് വെള്ളം കയറുന്നത് തടഞ്ഞിട്ടുള്ളത്. അപകടത്തെ തുടർന്ന് വീട്ടുകാർ സമീപത്തെ മറ്റൊരു വീട്ടിലേയ്ക്ക് താൽക്കാലികമായി മാറി താമസിച്ചു. മണ്ണ് ഇടിഞ്ഞുവീണ ഭാഗത്ത് വീണ്ടും വലിയ വിള്ളലുകൾ ഉള്ളത് ഭീഷണി ഉയർത്തുന്നുണ്ട്. മഴ ശക്തമായി പെയ്താൽ വിള്ളലുകളിലൂടെ വെള്ളം ഊർന്നിറങ്ങാനും വീണ്ടും ഇടിയാനുള്ള സാധ്യതയുണ്ട്. മണ്ണിടിച്ചിൽ തുടർന്നാൽ സുകുമാരന്റെ വീടിനും ഭീഷണിയാണ്.




Post a Comment

0 Comments