പട്ടിക്കാട്. താണിപ്പാടത്ത് ദേശീയപാതയിൽ സ്‌കൂട്ടറിന് പുറകിൽ കാറിടിച്ച് സ്‌കൂട്ടർ യാത്രികന് ഗുരുതരമായി പരിക്കേറ്റു. കട്ടിലപ്പൂവം സ്വദേശി വാരിശ്ശേരി വീട്ടിൽ ബൈജു മാത്യു (45) നാണ് പരിക്കേറ്റത്. ഇയാളെ തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലടി സ്വദേശിയുടെ കാറാണ് അപകടത്തിൽ പെട്ടത്. ഇയാൾക്ക് പരിക്കില്ല.
ഇന്ന് വൈകീട്ട് അഞ്ചരയോടെ തൃശൂർ ഭാഗത്തേക്കുള്ള പാതയിലാണ് അപകടം ഉണ്ടായത്. താണിപ്പാടം സെന്ററിൽ യു ടേൺ തിരിയാൻ ശ്രമിക്കുകയായിരുന്ന സ്‌കൂട്ടറിന് പുറകിൽ പാലക്കാട് ഭാഗത്ത് നിന്നും വന്ന കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ നിലയിലായിരുന്നു ബൈജു.
തേൻ വിൽപ്പനക്കാരനാണ് ഇയാൾ. അപകടത്തെ തുടർന്ന് ദേശീയപാതയിൽ തേൻ നിറച്ച പ്ലാസ്റ്റിക് ടിന്നുകൾ പൊട്ടി ഒഴുകിയതോടെ പിറകിൽ വന്ന ഇരുചക്രവാഹനങ്ങളും അപകടത്തിൽ പെട്ടു. തുടർന്ന് തൃശൂരിൽ നിന്നും അഗ്നിരക്ഷാസേന സ്ഥലത്തെത്തി ദേശീയപാത വെള്ളം ഉപയോഗിച്ച് കഴുകി വൃത്തിയാക്കി. പീച്ചി പോലീസ് എഎസ്‌ഐ ജയേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ദേശീയപാത റിക്കവറി വിങും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
അസി. സ്‌റ്റേഷൻ ഓഫീസർ ബി. ഹരികുമാർ, സീനിയർ ഫയർ ആന്റ് റെസ്‌ക്യൂ ഓഫീസർ ജ്യോതികുമാർ, ഫയർ ആന്റ് റെസ്‌ക്യൂ ഓഫീസർമാരായ ശ്രീഹരി, സുധൻ, സന്ദീപ്, ജിബിൻ, പാപ്പച്ചൻ, ഗുരുവായൂരപ്പൻ എന്നിവരാണ് അഗ്നിരക്ഷാ സംഘത്തിൽ ഉണ്ടായിരുന്നത്.


0 Comments