തൃശൂർ. മയക്കുമരുന്നിന്റെ അപകടങ്ങളെക്കുറിച്ച് സഹപാഠികളെ ബോധ്യപ്പെടുത്തുന്നത് ഒരു കടമയായി വിദ്യാർത്ഥികൾ കാണണമെന്ന് മേയർ എം കെ വർഗീസ്. മയക്കുമരുന്ന് ഉപയോഗം ഈ കാലഘട്ടത്തിന്റെ വിപത്തായി മാറിയിരിക്കുന്നു. ഇതേക്കുറിച്ചുള്ള ബോധവൽക്കരണത്തിന് വിദ്യാർഥി സമൂഹം മുന്നിട്ടിറങ്ങണം. കുട്ടികളുടെ പെരുമാറ്റരീതികളിൽ എന്തെങ്കിലും പ്രകടമായ മാറ്റം കണ്ടാൽ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ലോക മാനസികാരോഗ്യ ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം തൃശ്ശൂർ സെന്റ് തോമസ് കോളേജ് മേനാച്ചേരി ഹാളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എൻഎസ്എസ് വളണ്ടിയർമാരെ മാനസികാരോഗ്യ സന്ദേശം പ്രചരിപ്പിക്കുന്ന 'ബി ഹാപ്പി' ബാഡ്ജുകൾ ധരിപ്പിച്ചു കൊണ്ടായിരുന്നു ഉദ്ഘാടനം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.
പരിപാടിയുടെ ഭാഗമായി 'യുവാക്കളും ലഹരി ഉപയോഗവും' എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാറും നടന്നു. ജില്ലാ മാനസികാരോഗ്യ കേന്ദ്രം സീനിയർ കൺസൾട്ടന്റ് ഡോ. എസ് വി സുബ്രഹ്മണ്യൻ സെമിനാറിന് നേതൃത്വം നൽകി. ജില്ലാ മെഡിക്കൽ ഓഫീസ് ആരോഗ്യം, ആരോഗ്യ കേരളം, സെന്റ് തോമസ് കോളേജ് എൻ എസ് എസ് യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു ദിനാചരണ പരിപാടികൾ. 'മാനസികാരോഗ്യം സാവർവ്വത്രിക മാനുഷ്യാവകാശം' എന്നതാണ് ഈ വർഷത്തെ മാനസികാരോഗ്യദിന സന്ദേശം.


0 Comments