പീച്ചി. വേണ്ടത്ര മഴ ലഭിക്കാത്തതിനാൽ പീച്ചിഡാം റിസർവോയറിലെ ജലനിരപ്പിൽ ഇനിയും കാര്യമായ വർധനവ് ഉണ്ടായില്ല. 73.71 മീറ്ററാണ് ഇന്നലത്തെ (08-10-2023) റിസർവോയറിലെ ജലനിരപ്പ്. അപ്പർ റൂൾ കർവ്വ് 76.02 മീറ്ററാണ്. നിലവിലെ സാഹചര്യത്തിൽ 2.31 മീറ്റർ കൂടി ഉയർന്നെങ്കിലേ ജലനിരപ്പ് അപ്പർ റൂൾ കർവ്വിൽ എത്തുകയുള്ളു. 79.25 മീറ്ററാണ് ഡാമിലെ പരമാവധി ജലനിരപ്പ്. ഇത് 78 മീറ്ററിൽ ബ്ലൂ അലർട്ടും, 78.30 മീറ്ററിൽ യെല്ലോ അലർട്ടും, 78.60 മീറ്ററിൽ റെഡ് അലർട്ടുമാണ് നൽകുക. കഴിഞ്ഞ വർഷം ജൂലൈ 21ന് ഡാമിന്റെ നാല് ഷട്ടറുകളും തുറന്നിരുന്നു. എന്നാൽ രണ്ട് മാസം പിന്നിട്ടിട്ടും ഡാമിലെ ജലനിരപ്പ് വേണ്ടത്ര ഉയർന്നിട്ടില്ല.
വേണ്ടത്ര മഴ ലഭിക്കാത്തതും ഡാമിലെ ജലനിരപ്പ് ഉയരാത്തതും പാണഞ്ചേരിയിലെ കർഷകരെയും ഏറെ ആശങ്കയിലാക്കുന്നുണ്ട്. കടുത്ത വേനൽ ആരംഭിക്കുന്ന സമയത്ത് പാണഞ്ചേരിയിലെ കർഷകർ പ്രധാനമായും ആശ്രയിക്കുന്നത് പീച്ചി ഡാമിൽ നിന്നുള്ള കനാൽ വെള്ളത്തെയാണ്. ഇടതുകര വലതുകര കനാലുകളിലൂടെയും അതിന്റെ ബ്രാഞ്ച് കനാലുകളിലൂടെയും എത്തുന്ന വെള്ളമാണ് ഈ കാലത്ത് കൃഷിക്ക് ഉപയോഗിക്കുന്നത്. കനാൽ വെള്ളം എത്തുന്നതോടെയാണ് വേനൽക്കാലത്ത് നാട്ടിലെ കുടിവെള്ള സ്രോതസ്സുകളും റീചാർജ് ചെയ്യപ്പെടുന്നത്. ഇത് ലഭിക്കാതിരുന്നാൽ കിണറുകളും കുളങ്ങളും വറ്റി വരളും എന്നു മാത്രമല്ല, പല സ്വാശ്രയ കുടിവെള്ള പദ്ധതികളും നിലയ്ക്കുന്ന സാഹചര്യവും ഉണ്ടാകും.


0 Comments