കണ്ണാറ. മലയോരഹൈവേ നിർമ്മാണവുമായി ബന്ധപ്പെട്ട് പീച്ചിഡാം റോഡിന് കുറുകെ എടുത്ത കുഴിയിൽ വീണ് ഇരുചക്രവാഹന യാത്രക്കാരന് പരിക്കേറ്റു. ചവറാംപാടം സ്വദേശി ബേസിൽ മാണിക്കാണ് പരിക്കേറ്റത്. അപകടം നടന്നയുടൻ സ്ഥലത്തെത്തിയ ഡിവൈഎഫ്‌ഐ പ്രവർത്തകരായ മോബി, സിറിൽ തുടങ്ങിയവർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. സാരമായി പരിക്കേറ്റ ബേസിലിനെ തൃശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് കെഎഫ്ആർഐ പ്രധാന കവാടത്തിന് സമീപം അപകടം ഉണ്ടായത്. ചവറാംപാടത്ത് നിന്നും പീച്ചിയിലെ ബന്ധുവീട്ടിലേക്ക് പോവുകയായിരുന്നു ബേസിൽ മാണി. ഇതിനിടയിലാണ് റോഡിന് കുറുകെ കാന നിർമിക്കുന്നതിന് വേണ്ടി എടുത്ത അഞ്ച് അടിയോളം താഴ്ചയുള്ള കുഴിയിലേക്ക് ഇയാൾ സഞ്ചരിച്ചിരുന്ന ബുള്ളറ്റ് തെറിച്ച് വീണത്. അപകടം മുന്നിൽകണ്ട് ബുള്ളറ്റിൽ നിന്നും എടുത്ത് ചാടിയതിനാൽ ഇയാൾ കുഴിയോട് ചേർന്ന് റോഡിലേയ്ക്ക് വീഴുകയായിരുന്നു. അതുകൊണ്ടുതന്നെ വലിയ അപകടം ഒഴിവായി.
നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രദേശത്ത് ദിശാ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അശാസ്ത്രീയമായ രീതിയിൽ കുഴിയോട് ചേർന്നാണ് ഇവ ഉള്ളത്. ഇതുതന്നെയാണ് അപകടത്തിന് വഴിയൊരുക്കുന്നതെന്നും നിർമ്മാണം നടക്കുന്ന പല പ്രദേശങ്ങളിലും ഇത്തരത്തിലുള്ള അശാസ്ത്രീയമായ പ്രവർത്തനങ്ങളാണ് കരാർ കമ്പനി നടപ്പാക്കുന്നതെന്നും ഡിവൈഎഫ്‌ഐ പ്രവർത്തകർ ആരോപിച്ചു. സംഭവ ശേഷം കരാർ കമ്പനി ജീവനക്കാരെ വിളിച്ചുവരുത്തി ദിശാ ബോർഡുകൾ യഥാസ്ഥാനത്ത് സ്ഥാപിച്ചതിന് ശേഷമാണ് പ്രവർത്തകർ സ്ഥലത്ത് നിന്നും പോയത്. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ.ടി. ജലജൻ സ്ഥലത്തെത്തിയിരുന്നു.


0 Comments