ഹരിതകർമ്മ സേനാംഗങ്ങൾക്കെതിരെ അസഭ്യം പറഞ്ഞെന്ന പരാതിയിൽ പീച്ചി പോലീസ് കേസെടുത്തു


പട്ടിക്കാട്. ഹരിതകർമ്മ സേനാംഗങ്ങൾക്കെതിരെ അസഭ്യം പറയുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്‌തെന്ന പരാതിയിൽ പീച്ചി സ്വദേശിക്കെതിരെ പീച്ചി പോലീസ് കേസെടുത്തു. ഹരിത കർമ്മ സേനയുടെ പ്രസിഡന്റ് സിൻറിലി നൽകിയ പരാതിയിൽ പീച്ചി വെള്ളക്കാരിത്തടം സ്വദേശി സണ്ണിയുടെ പേരിലാണ് കേസെടുത്തിട്ടുള്ളത്. 

ശനിയാഴ്ച വിലങ്ങന്നൂരിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം ഉണ്ടായിട്ടുള്ളത്. വീടുകളിൽ നിന്നും കടകളിൽ നിന്നും പ്ലാസ്റ്റിക് എടുക്കാൻ ചെന്ന സിൻറിലി, പ്രബിത, ശരണ്യ എന്നിവരെയാണ് സണ്ണി തടഞ്ഞുനിർത്തി അസഭ്യം പറഞ്ഞതായി പരാതിയിൽ പറയുന്നത്. കഴിഞ്ഞ 5 മാസമായി മാലിന്യം ശേഖരിക്കാൻ പ്രദേശത്ത് പോകാതിരുന്ന ഹരിതകർമ്മസേന സ്ഥലത്തെത്തി മാലിന്യം ഒരുമിച്ച് കൊണ്ടുപോകാൻ കൂടുതൽ പണം ആവശ്യപ്പെട്ടതോടെയാണ് പ്രശ്‌നങ്ങൾക്ക് തുടക്കം കുറിച്ചത്. ഈ സമയം സ്ഥലത്തെത്തിയ സണ്ണി പ്രശ്‌നത്തിൽ ഇടപെടുകയും ഹരിതകർമ്മ സേനയ്ക്ക് മാലിന്യം കൊടുക്കേണ്ടെന്നും താൻ നേരിട്ട് പഞ്ചായത്തിൽ കൊണ്ടുപോയി കൊടുത്തുകൊള്ളാം എന്നു പറഞ്ഞ് സേനാംഗങ്ങൾക്കെതിരെ അസഭ്യം പറയുകയായിരുന്നു എന്ന് പരാതിയിൽ പറയുന്നു. ഹരിതകർമ്മ സേനാംഗങ്ങളുടെ പരാതിയിൽ പീച്ചി പോലീസ് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.

അതേസമയം ഹരിതകർമ്മ സേനയുടെ പ്രവർത്തനങ്ങൾക്ക് താൻ എതിരല്ലെന്നും പൊതുജനങ്ങളോടുള്ള ഹരിതകർമ്മ സേനാംഗങ്ങളുടെ ഇടപെടൽ മോശമായി തോന്നിയതുകൊണ്ടാണ് പ്രശ്‌നത്തിൽ ഇടപെട്ടതെന്നും സണ്ണി പറഞ്ഞു.




Post a Comment

0 Comments