ആറാംകല്ലിൽ യുവാവിന് ക്രൂരമർദ്ദനം: പ്രതികൾ പീച്ചി പോലീസിന്റെ പിടിയിൽ


പട്ടിക്കാട്. ചാത്തംകുളം സ്വദേശി കറുപ്പം വീട്ടിൽ ഷമീർ (45) നെ ക്രൂരമായി മർദ്ദിച്ച കേസിൽ മൂന്ന് പേരെ പീച്ചി പോലീസ് പിടികൂടി. മുടിക്കോട് വെളിയത്ത് പറമ്പിൽ ഷിഹാബ് (32), വട്ടക്കല്ല് കണ്ണമ്പുഴ വീട്ടിൽ നെൽസൺ (30), വട്ടക്കല്ല് നെല്ലിപ്പറമ്പിൽ വീട്ടിൽ ഷെഹീർ (42) എന്നിവരെയാണ് പീച്ചി പോലീസ് പിടികൂടി കൊലപാതക ശ്രമത്തിന് കേസെടുത്ത് ജയിലിൽ വിട്ടത്.

സംഭവത്തെക്കുറിച്ച് പീച്ചി പോലീസ് പറയുന്നത് ഇങ്ങനെ. തോട്ടപ്പടി അടിപ്പാതയിൽ നിന്നും ബൈക്കിൽ വരുകയായിരുന്ന ഷമീറിനെ പ്രതികളായ മൂന്നുപേരും ചേർന്ന് ഓട്ടോറിക്ഷയിൽ തോട്ടപ്പടിയിൽ നിന്നും പിന്തുടർന്നു. തുടർന്ന് ആറാംകല്ല് സർവീസ് റോഡിനടുത്ത ആളൊഴിഞ്ഞ പറമ്പിനോട് ചേർന്ന് ഓട്ടോറിക്ഷ ബൈക്കിന് കുറുകെയിട്ട് തടഞ്ഞു. ഇതിനുശേഷം ഷമീറിനെ ബൈക്കിൽ നിന്നും ചവിട്ടി താഴെയിട്ടു. തുടർന്ന് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ആക്രമണശേഷം ഷമീറിനെ ഉപേക്ഷിച്ച് പ്രതികൾ സ്ഥലം വിട്ടു. പ്രതികൾ മൂന്നുപേരും നിരവധി കേസുകളിലെ പ്രതികളാണെന്നും പോലീസ് പറയുന്നു. 

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പീച്ചി സ്‌റ്റേഷൻ ഹൗസ് ഓഫീസർ ബിപിൻ ബി നായരും സംഘവും പ്രതികളെ പിടികൂടിയത്. എസ്‌ഐ അജികുമാർ, എഎസ്‌ഐ ജയേഷ്, എസ്‌സിപിഒ രഞ്ജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.




Post a Comment

0 Comments