പട്ടിക്കാട്. ഒളകര കോളനി നിവാസികളായ 44 കുടുംബങ്ങളുടെ ഭൂമിക്കു വേണ്ടിയുള്ള രണ്ടു പതിറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിന് പരിഹാരമാകുന്നു. ഡിസംബർ പത്തിനകം സർവേ നടപടികൾ പൂർത്തീകരിക്കുമെന്ന് ജില്ലാ കലക്ടർ വി ആർ കൃഷ്ണതേജ അറിയിച്ചു. ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള റവന്യൂ, വനം, പട്ടിക വർഗ്ഗ വകുപ്പുകളുടെ സംയുക്ത സംഘം കോളനി സന്ദർശിച്ച ശേഷമാണ് ജില്ലാ കലക്ടർ ഇതേക്കുറിച്ച് കോളനി നിവാസികൾക്ക് ഉറപ്പു നൽകിയത്.
കോളനി നിവാസികൾക്ക് വനാവകാശപ്രകാരം ഭൂമി ലഭ്യമാക്കുന്ന കാര്യത്തിൽ നീതി നടപ്പിലാക്കാൻ ആവശ്യമായ എല്ലാ ശ്രമങ്ങളും ജില്ലാ ഭരണകൂടം സ്വീകരിക്കുമെന്നും ജില്ലാ കലക്ടർ കോളനി നിവാസികളെ അറിയിച്ചു. ഭൂമിയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ കൃത്യമായി പരിശോധിച്ച ശേഷം ഓരോരുത്തർക്കും പതിച്ചുനൽകേണ്ട ഭൂമിയുടെ കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളും. അതിന്റെ ആദ്യ പടിയായാണ് സർവ്വേ നടപടികൾ വേഗത്തിൽ പൂർത്തീകരിച്ച് കൃത്യമായ ഭൂപടം തയ്യാറാക്കുന്നതെന്നും ജില്ലാ കലക്ടർ പറഞ്ഞു.
സർവേ നടപടികൾ പൂർത്തിയായിക്കഴിഞ്ഞാൽ റവന്യൂ, ഫോറസ്റ്റ്, പട്ടിക വർഗ്ഗ വകുപ്പുകൾ വിഷയം സംയുക്തമായി ചർച്ച നടത്തിയ ശേഷം ഇക്കാര്യത്തിൽ അന്തിമ റിപ്പോർട്ട് തയ്യാറാക്കുമെന്നും കോടതി നടപടികൾ തടസ്സമാവാത്ത വിധത്തിൽ പഴുതുകൾ അടച്ചു കൊണ്ടുള്ള നീതിപൂർണമായ നടപടികളാവും സ്വീകരിക്കുകയെന്നും വി ആർ കൃഷ്ണതേജ അറിയിച്ചു.


0 Comments