പാണഞ്ചേരിയിൽ വീടിന്റെ മേൽക്കൂര തകർന്നുവീണു; കിടപ്പ് രോഗി ഉൾപ്പെടെയുള്ള ഏഴംഗ കുടുംബം അത്ഭുതകരമായി രക്ഷപെട്ടു


പാണഞ്ചേരി. മാനാംകോട് എസ്.സി കോളനിയിൽ പാപ്പാത്ത് വീട്ടിൽ ലീല വേലായുധന്റെ വീടിന്റെ മേൽക്കൂര തകർന്നുവീണു. ചൊവ്വാഴ്ച വൈകീട്ട് 4 മണിയോടെയാണ് സംഭവം ഉണ്ടായത്. മേൽക്കൂര തകർന്ന് ഓടും മരക്കഷണങ്ങളും താഴേക്ക് പതിച്ചെങ്കിലും കിടപ്പ് രോഗി ഉൾപ്പെടെയുള്ള ഏഴംഗ കുടുംബം പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപെടുകയായിരുന്നു. ഓക്‌സിജൻ കോൺസൻട്രേറ്റർ ഉപയോഗിക്കുന്ന രോഗിയും, ലീലയുടെ മകന്റെ കുട്ടികളുമാണ് അപകടസമയത്ത് വീട്ടിൽ ഉണ്ടായിരുന്നത്. ശബ്ദം കേട്ട് കുട്ടികൾ വീടിന് പുറത്തേക്ക് ഓടി രക്ഷപെടുകയായിരുന്നു. 

വീട് താമസയോഗ്യമല്ലാതായതോടെ ലീലയുടെ രണ്ട് മക്കളും, മൂത്ത മകന്റെ കുടുംബവും, രോഗിയായ ബന്ധുവും ഉൾപ്പെടെ ഏഴ് പേർ സമീപത്തെ മറ്റൊരു ബന്ധുവിന്റെ വിട്ടിലാണ് ഇപ്പോൾ താമസിക്കുന്നത്. വീടിന്റെ ചുമരുകളും ഇടിയാൻ സാധ്യത ഉള്ളതിനാൽ പച്ച ഇഷ്ടിക ഉപയോഗിച്ച് നിർമ്മിച്ച വീട് പുനർനിർമ്മിക്കണം എന്നതാണ് കുടുംബത്തിന്റെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് വില്ലേജിലും പഞ്ചായത്തിലും ലീല പരാതി നൽകിയിട്ടുണ്ട്.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ, വാർഡ് മെമ്പർ ജയകുമാർ ആദംകാവിൽ തുടങ്ങിയവർ സംഭവദിവസം സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചിരുന്നു.




Post a Comment

0 Comments